കണ്ണുതുടയ്ക്കാതെ ഈ രണ്ടാനമ്മയുടെ സ്നേഹം കണ്ടുനില്‍ക്കാനാവില്ല..!

 ‘എന്റെ വീട് അപ്പുവിന്റെയും’ സിനിമയിലെ മീരയെ ഓർമ്മയില്ലേ..? രണ്ടാനമ്മയായിട്ടും അപ്പുവിനെ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ച രണ്ടാനമ്മ മീര. അതുപോലെയൊരു കഥ ന്യൂയോർക്കിലും നടന്നു. മീര അപ്പുവിനെ രണ്ടാംവയസിൽ കണ്ടതുപോലെ തന്നെയാണ് ഗേജിനെ എമിലി ലിഹാൻ കാണുന്നത്. ജനിച്ച് അധികം വൈകാതെ അമ്മയെ നഷ്ടമായ കുഞ്ഞിനോട് എന്തോ ഒരു വാത്സല്യം എമിലിക്ക് തോന്നി. ആ വാത്സല്യമാണ് വിഭാര്യനായ ഗേജിന്റെ അച്ഛൻ ജോഷ്വാ ന്യൂവില്ലെയോടുള്ള പ്രണയമായി മാറുന്നത്. ഗേജിന് വേണ്ടി ഒന്നാകാം എന്ന് എമിലി പറഞ്ഞിരുന്നുവെങ്കിലും സ്വന്തം കുഞ്ഞിനെപ്പോലെ അവനെക്കാണാൻ സാധിക്കുമോയെന്ന സംശയത്തിൽ ജ്വോഷ്വാ മറുപടി നൽകിയില്ല. എമിലി തന്റെ ജോലിത്തിരക്കുകൾക്കിടയിലും ഗേജിനെ പരിചരിക്കാനും സ്നേഹിക്കാനും സമയം കണ്ടെത്തി. മിലിട്ടറി നാവിക സേനയിലെ ഉന്നത റാങ്ക് ഓഫീസറാണ് ജോഷ്വാ, എമിലി ലീഹാൻ എയർഫോഴ്സിലെ സീനിയർ എയർവുമൺ തസ്തികയിലുമാണുള്ളത്. 

അമ്മയില്ലാത്തതിന്റെ കുറവ് അറിയിക്കാതെ നാലുവയസുവരെ പൊന്നുപോലെ ഗേജിനെ നോക്കി. കുഞ്ഞിനോടുള്ള എമിലിയുടെ അടുപ്പം ജ്വോഷ്വായുടെ സംശയമകറ്റി. എമിലിയെ ജീവിതസഖിയാക്കാൻ ജ്വോഷ്വാ തീരുമാനിച്ചു. വിവാഹവേദിയിൽ മകനെ ചേർത്തുനിറുത്തി എമിലി പറഞ്ഞു. ‘പ്രസവിച്ചില്ലെങ്കിലും ഞാനാണ് നിന്റെ അമ്മ, മുജ്ജന്മബന്ധംപോലെ എപ്പോഴേ ഞാൻ നിന്നെ മകനായി സ്വീകരിച്ചുകഴിഞ്ഞു. ഇന്ന് കാണുന്ന എന്റെ ജീവിതം പോലും നീ കാരണം എനിക്കുണ്ടായതാണ്. നീ എന്നും സുരക്ഷിതനായിരിക്കുക. നിന്നെ ഏറ്റവും നല്ല വ്യക്തിയാക്കുക എന്നതായിരിക്കും ഇനി എന്റെ ജീവിതത്തിന്റെ ലക്ഷ്യം. പക്ഷെ ഇപ്പോഴല്ല, നീ വളർന്നു വലിയ ആൺകുട്ടിയാകുമ്പോൾ തീർച്ചയായും മനസ്സിലാക്കും ഈ അമ്മ മകനെ എത്രത്തോളം സ്നേഹിച്ചുവെന്ന്.’

രണ്ടാനമ്മയുടെ വാക്കുകൾ കേട്ട നാലുവയസ്സുകാരന് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഒടുവിൽ നിറഞ്ഞ സദസ്സിനു മുന്നിൽ അവൻ അമ്മയെ ചേർത്തു പുണർന്നു. എന്നിട്ടു പൊട്ടിക്കരഞ്ഞു. മകനെ മാറോടണച്ചു കണ്ണുനീർ തുടച്ച് എമിലി പറഞ്ഞു, ആൺകുട്ടികൾ കരയരുതെന്ന്. എന്നിട്ട് കുസൃതി കാട്ടി ചിരിപ്പിച്ചു. ഈ വിഡിയോയിലൂടെ ഇവരുടെ സ്നേഹം ലോകം മുഴുവൻ പങ്കുവയ്ക്കുകയാണ്. കണ്ണില്‍ പൊടിയുന്ന ചെറുനനവ് തുടയ്ക്കാതെ ഈ വിഡിയോ ആര്‍ക്കും കണ്ടുതീര്‍ക്കാനാവില്ല.