മഹിജ പറഞ്ഞു, ഇത് ഒരമ്മയുടെ സ്നേഹം, ഉലയാത്ത തീരുമാനം

വളയത്തേക്കുള്ള യാത്രയില്‍ മഹിജയുടെ പ്രതികരണത്തില്‍ കവിഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പേരാമ്പ്രയിലെ ജില്ലാകലോത്സവ വേദിയില്‍ വെച്ചാണ് ജിഷ്ണുപ്രണോയുെട മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തുെവന്ന വിവിരം അറിയുന്നത്. ഷൂട്ട് മതിയാക്കി അവിടെ നിന്നും വളയത്തേക്ക് പുറപ്പെട്ടു. സിബിഐ ഏറ്റെടുത്താല്‍ കേസില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകുമോയെന്നൊന്നും അറിയില്ല, പക്ഷെ ഒരു കുടുംബം നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണിതെന്ന് പറയാതെ വയ്യ. കോടതി ജിഷ്ണുവിന്റെ അമ്മയുടെ പ്രാര്‍ഥന കേട്ടു. വളയത്തെ വീട്ടില്‍ ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യം അച്ഛന്റെ പ്രതികരണമാണ് എടുത്തത്. മഹിജയെ പുറത്തേക്കൊന്നും കണ്ടില്ല. തിരക്കിയപ്പോള്‍ മഹിജ കുറച്ച് ദിവസമായി അവരുടെ വീട്ടിലാണ്. അശോകന്റെ പ്രതികരണം മതിയെങ്കിലും മഹിജയെ കൂടി കാണണമെന്ന് തോന്നി. വളയത്ത് നിന്ന് രണ്ടര കിലോമീറ്റര്‍ അപ്പുറമാണ് മഹിജയുടെ വീട്, അതായത് ജിഷ്ണുവിന്റെ അമ്മ വീട്. വഴി ചോദിച്ചറിഞ്ഞ് ഞങ്ങള്‍ നേരെ അങ്ങോട്ട് വെച്ച് പിടിച്ചു. 

കാറിന്റെ ശബ്ദം കേട്ടിട്ടാവണം മഹിജ കോലായിലേക്കിറങ്ങി നോക്കുന്നുണ്ടായിരുന്നു. മുഖപരിചയമുള്ളതിനാലാവും ആ അമ്മ ചിരിക്കുന്നുണ്ടായിരുന്നു. ജിഷ്ണുവിന്റെ മരണത്തിന് ശേഷം പല തവണ വളയത്തെ വീട്ടില്‍ പോയിട്ടുണ്ട്. പക്ഷെ കവിളില്‍ കണ്ണീരിന്റെ നനവില്ലാത്ത മഹിജയെ ആദ്യമായാണ് കാണുന്നത്. മുഖത്ത് ചെറിയ പുഞ്ചിരിയുണ്ടെങ്കിലും ആ മനസ്സിലെ മുറിവുണങ്ങിയിട്ടില്ലെന്നുറപ്പ്. ആദ്യം തന്നെ പ്രതികണമെടുത്തു. കസേരയിട്ട് അടുത്തിരുന്നപ്പോള്‍ ചോദിക്കാതെ തന്നെ അവര്‍ പറഞ്ഞു, കുറച്ചീസായിട്ട് ഞാനീടാണ്..വയ്യ! മേലും കയ്യും ശരീരമാകെ വേദനയാണ്. വിശ്രമിക്കാനായി അവര്‍ സ്വന്തം വീട്ടിലെത്തിയതാണെന്ന് മനസ്സിലായി. ശരീരം തളര്‍ന്ന് പോയിരിക്കുന്നു പാവത്തിന്. പക്ഷെ മനസ്സ് മരവിച്ചിട്ടില്ല. മകന്‍റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തും വരെ ആ മനസ്സ് തളര്‍ന്നുറങ്ങില്ല ഉറപ്പ്! 

പ്രതികരണമെടുത്ത ശേഷം കാമറാമാന്‍ പ്രദീേപട്ടന്‍ വിഷ്വല്‍ അയക്കുന്നതിനിടക്ക് കുറച്ച് നേരം മൈക്കില്ലാതെ സംസാരിച്ചു. മകന്റെ  ഒാര്‍മ്മകള്‍ തികട്ടിയോയെന്നറിയില്ല, സംസാരത്തിനിെട അവരുെട കണ്ണുനിറഞ്ഞു. നിങ്ങളും കൂടി ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ തളര്‍ന്ന് പോയെനെ. എത്രയോ വാര്‍ത്തകള്‍ തിക്കിത്തിരക്കിയിട്ടും നിങ്ങള്‍ എന്നെ അന്വേഷിച്ച് ഇത്ര ദൂരം വന്നല്ലോ? മാധ്യമങ്ങളുടെ പിന്തുണ ആ കുടുംബത്തിന് തുടക്കം മുതല്‍ ആശ്വാസമായിരുന്നു. ഇത്രയെങ്കിലും ആയതില്‍ സന്തോഷം. ഇനിെയല്ലാം വരുംപോലെ വരട്ടെ...? സിബിഐ അന്വേഷിച്ചാല്‍ നീതി കിട്ടുമായിരിക്കും അല്ലെ? ആ ചോദ്യത്തില്‍ മകനോടുള്ള സ്നേഹവും വാത്സല്യവും മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ ദൈന്യതയും എല്ലാം ഉണ്ടായിരുന്നു. 

എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ആകും എന്ന് വിചാരിച്ചതല്ല. എനിക്കാരോടും ദേഷ്യവും ഇല്ല. സര്‍ക്കാരിനോടൊ പൊലീസിനോടോ പരിഭവമില്ല. പക്ഷെ അവര്‍ പണംവാരി വിതറുന്നുണ്ട്. ഒത്തുതീര്‍പ്പിന് അവര്‍ പലയിടത്തും പോയിരുന്നു. പക്ഷെ ഇവിടേക്ക് വരാനുള്ള ധൈര്യം ഉണ്ടാകില്ല. ഭീഷണിയുടെ സ്വരമുള്ള രണ്ട് ഊമക്കത്തുകള്‍ അതിനിടയ്ക്ക് അവര്‍ അകത്ത് നിന്നും എടുത്ത് കൊണ്ടുവന്ന് കാണിച്ചു. ഞാന്‍ വഴങ്ങില്ല, പണത്തിനും ഭീഷണിക്കും ഒന്നിനും മുന്നില്‍. ഇത്രയും പറഞ്ഞ് അവര്‍ എന്നെ തീക്ഷ്ണമായൊന്ന് നോക്കി. എന്നിട്ട് ചെറിയ നെടുവീര്‍പ്പോടെ പറഞ്ഞു. വലിയ ധൈര്യമുണ്ടായിട്ടൊന്നും അല്ല,  ഒരമ്മക്ക് മകനോടുള്ള സ്നേഹത്തില്‍ നിന്നുണ്ടാകുന്ന തീരുമാനമാണത്. അമ്മമാരുടെ സ്നേഹത്തിന് വിലയിടാനൊന്നും ഇവിടെ ആരുടെയും പണത്തിനും ഭീഷണിക്കും ആവില്ല മോനെ...!

മറുപടിയായി എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഉള്ളൊന്ന് പിടഞ്ഞു. യാത്ര പറയാന്‍ വാക്കുകളില്ലാതെ അവിടെ നിന്നിറങ്ങുമ്പോള്‍ ഉള്ളില്‍ അമ്മേ... എന്ന് മാത്രമായിരുന്നു മനസ്സ് മന്ത്രിച്ചത്.