സാമ്രാജ്യം നോക്കാൻ ആളില്ല, മകൻ പൗരോഹിത്യത്തിലേക്ക്, ദാവൂദ് വിഷാദത്തിൽ

ഏക മകൻ തന്റെ സാമ്രാജ്യം നോക്കി നടത്താൻ താൽപര്യമില്ലാതെ പൗരോഹിത്യത്തിലേക്ക് തിരിഞ്ഞതിനാൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കടുത്ത വിഷാദത്തിലാണെന്ന പ്രചാരണം. എന്നാൽ പൊലീസും രഹസ്യാന്വേഷണവിഭാഗവും വാർത്ത സ്ഥിരീകരിച്ചിട്ടില്ല. 

ദാവൂദ് ഇബ്രാഹിമിന്റെ ഏക അനന്തരാവകാശിയായ മകൻ  മോയിൻ നവാസ് ഡി.കസ്കർ (31) ആഡംബരജീവിതം വിട്ടു ‘മൗലാന’ ആയതിൽ ദാവൂദ് ദുഃഖിതനാണെന്നു സഹോദരൻ ഇക്ബാൽ കസ്കർ പറഞ്ഞെന്നാണു പ്രചാരണം. കസ്കറെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന വിവരം താനെ ആന്റി എക്സ്റ്റോർഷൻ സെൽ മേധാവി പ്രദീപ് ശർമയാണു കഴിഞ്ഞദിവസം വാർത്താ ഏജൻസിയോടു പറഞ്ഞത്.

ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയായ മോയിൻ നവാസ്, പിതാവ് ദാവൂദിന്റെ ബിസിനസിൽ നേരത്തേ ഇടപെട്ടിരുന്നെങ്കിലും ഇപ്പോൾ എല്ലാം ഉപേക്ഷിച്ചു കറാച്ചിയിലെ പള്ളികളിലൊന്നിനോടു ചേർന്നുള്ള ചെറിയ വീട്ടിലാണു കഴിയുന്നതെന്നാണു വിവരമെന്നു പ്രദീപ് ശർമ പറയുന്നു. നവാസിനു ഭാര്യയും മൂന്നുമക്കളുമുണ്ട്. ദാവൂദിന്റെ മുൻ ഭാര്യ മെഹജാബിൻ ഷെയ്ഖ് 2016ൽ മുംബൈയിൽ വന്നു പോയിരുന്നു എന്നും കസ്കർ പറഞ്ഞതായി ശർമ വെളിപ്പെടുത്തിയതിനും സ്ഥിരീകരണമില്ല.