സോളമൻ അല്ല സൂപ്പർമാൻ

ഇടുക്കി പൈനാവ് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ അഹങ്കാരം സോഷ്യൽമീഡിയയിലൂടെ പുറംലോകത്തിന് കാട്ടിത്തന്ന യുവാവ് ഇവിടെയുണ്ട്. അടിമാലി സ്വദേശി സോളമനാണ് സോഷ്യൽമീഡിയയുടെ കൈയടി നേടുന്ന യുവാവ്. കോഴിക്കോട് ജോലി ചെയ്യുന്ന സോളമന്‍ വിദേശത്തേക്ക് ജോലി തേടി പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.

വിദേശത്ത് വാഹനം ഓടിക്കുന്നതിന് ഇന്റര്‍നാഷണല്‍ ലൈസന്‍സ് എടുക്കുന്നതിനായുള്ള കാഴ്ച പരിശോധനയ്ക്കാണ് പൈനാവ് ആശുപത്രിയിൽ എത്തിയത്. താന്‍ വന്നപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് മുന്‍പില്‍ നീണ്ട ക്യൂ ആയിരുന്നെന്ന് സോളമന്‍ പറയുന്നു. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും രോഗികള്‍ക്ക് ചീട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. അവര്‍ പരസ്പരം സംസാരിക്കുന്ന തിരക്കിലായിരുന്നു. കൗണ്ടറില്‍ ജീവനക്കാരിയുണ്ടായിരുന്നെങ്കിലും ടിക്കറ്റ് കൊടുക്കുന്നുണ്ടായിരുന്നില്ല. കൈകുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരും പ്രായമായവരുമൊക്കെ ക്യൂവില്‍ നില്‍ക്കുന്നതു കണ്ടിട്ടും ഇവർ അവഗണിക്കുകയായിരുന്നു കുഞ്ഞുങ്ങളുടെ കരച്ചില്‍ ഉയര്‍ന്നിട്ട് പോലും ജീവനക്കാര്‍ സ്വന്തം തിരക്കുകളിയായിരുന്നു. ഇതോടെ താന്‍ വിവരം തിരക്കുകയായിരുന്നുവെന്നും സോളമൻ പറയുന്നു. 

ചോദ്യവുമായി ക്യൂവില്‍ നിന്നവര്‍ എത്തിയതോടെ ജീവനക്കാർ ധാർഷ്ട്യം പുറത്തെടുത്തു. ഇപ്പോള്‍ ടിക്കറ്റ് നല്‍കാന്‍ തയ്യാറല്ല എന്ന നിലപാടാണ് ജീവനക്കാരി എടുത്തത്. ജീവനക്കാരിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സോളമന്‍ വീഡിയോ പകര്‍ത്തിയപ്പോള്‍ പോലിസിനെ വിളിക്കുമെന്നു ഭീഷണിപ്പെടുത്തി. എന്നാൽ ആശുപത്രിയിൽ എത്തിയ രോഗികളും ഒപ്പം ചേർന്നപ്പോൾ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ ഇടപെട്ടു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. വിഡിയോ വൈറലായതോടെ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കരാർ ജീവനക്കാരിയെ പുറത്താക്കി ഉത്തരവിറക്കി. ഈ വീഡിയോ സർക്കാർ ജീവനക്കാരുടെ കണ്ണുതുറപ്പിക്കുന്ന ഒന്നായി മാറുമെന്ന പ്രതീക്ഷയിലാണ് സോളമൻ.