പഠനം മുടങ്ങി, 23 വയസുകാരൻ 91 വയസുകാരിയെ വിവാഹം ചെയ്തു

പഠനം മുടങ്ങി, അറ്റകൈക്ക് പയ്യൻ 91 വയസുകാരിയെ വിവാഹം ചെയ്തു. സുന്ദരമായ ദാമ്പത്യം മോഹിച്ചിട്ടല്ല അർജന്‍റീന സ്വദേശി മൗറീഷ്യോ ഒസോള 91 വയസുള്ള യെളന്ദോയെ വിവാഹം കഴിക്കുന്നത്. പാതിവഴിയിൽ മുടങ്ങിയ നിയമപഠനം പൂർത്തിയാക്കാനായിരുന്നു ഈ വിവാഹം. 

അച്ഛനും അമ്മയും വേർപിരിഞ്ഞതിന് ശേഷം മൗറീഷ്യസും അമ്മയും മുത്തശിയും സഹോദരനും ട്രെസ് സെറിറ്റോസിലുള്ള യൊളന്ദയ്ക്കൊപ്പമായിരുന്നു താമസം.  മൗറീഷ്യസിന് ഇരുപത്തിയൊന്നു വയസുള്ളപ്പോൾ നിയമപഠനത്തിനായി കോളജിൽ ചേർന്നു. എന്നാൽ പണം വിലങ്ങുതടിയായപ്പോൾ പാതിവഴിയിൽ അവസാനിപ്പിച്ചു. അങ്ങനെയിരിക്കയാണ്, ഭാര്യ മരിച്ചാൽ ഭർത്താവിന് പെൻഷനായി നല്ലൊരു തുക ലഭിക്കുമെന്ന കാര്യം അദ്ദേഹം ചിന്തിച്ചത്. യെളന്ദോയെ വിവാഹം കഴിച്ചാൽ അവരുടെ മരണശേഷം ലഭിക്കുന്ന തുക കൊണ്ട് പഠനം പൂർത്തിയാക്കാമെന്ന് കരുതി. കൂടുതലൊന്നും ആലോചിക്കാതെ കാര്യം സ്വന്തം ആന്റികൂടിയായ യെളന്ദോയെ അറിയിച്ചു.

ആശുപത്രിയിൽ പോകാനും, മരുന്നുവാങ്ങാനുമൊക്കെ തന്നെ സഹായിക്കുന്ന പയ്യന് ഒരു സഹായമായിക്കോട്ടെയെന്നു കരുതി വിവാഹത്തിന് യെളന്ദോയും സമ്മതിച്ചു. 

അങ്ങനെ 2015 ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരായി. 14 മാസത്തെ ദാമ്പത്യത്തിനൊടുവിൽ മരണം യൊളന്ദയെ കൊണ്ടുപോയി. ഇതിനു പിന്നാലെ മൗറിഷ്യൊ പെൻഷൻ ലഭിക്കുവാനുള്ള നിയമ നടപടികളും ആരംഭിച്ചു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പെൻഷനായി  സമർപ്പിച്ച രേഖകൾ അധികൃതർ സ്വീകരിച്ചില്ല. കാരണം ഇങ്ങനെയൊരു വിവാഹം നടന്നതായി തങ്ങൾക്ക് അറിയില്ലെന്ന് അയൽക്കാർ അധികൃതരെ അറിയിച്ചിരുന്നു.

എന്നാൽ എല്ലാരേഖകളും സത്യസന്ധമാണെന്നും കൃത്രിമം നടത്തിയിട്ടില്ലെന്നും മൗറീഷ്യസ് അറിയിച്ചു. അവകാശം നേടിയെടുക്കുന്നതിനായി സുപ്രീംകോടതി വരെ പോകാനും താൻ തയാറാണെന്നുമാണ് മൗറീഷ്യസിന്റെ നിലപാട്.  താൻ യെളന്ദോയെ സ്നേഹിച്ചത് ആത്മാർഥമായിട്ടാണെന്നും അവരുടെ വേർപാട് വിഷമിപ്പിക്കുന്നുണ്ടെന്നും മൗറീഷ്യസ് പറയുന്നു. ഏതായാലും ഈ വിവാഹത്തെക്കുറിച്ച് പലരീതിയിലുള്ള അഭിപ്രായം ഉയരുന്നുണ്ട്. ചിലരെങ്കിലും മൗറീഷ്യസിന്റെ പ്രായോഗികബുദ്ധിയെ പ്രകീർത്തിച്ച് മുന്നോടുവന്നിട്ടുണ്ട്.