TAGS

എഴുപത് കഴിഞ്ഞെന്ന് കരുതി വീട്ടില്‍ വെറുതെയിരിക്കാതെ മൈതാനത്ത് വിയര്‍പ്പൊഴുക്കിയപ്പോള്‍ സമ്മാനമായി കിട്ടിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ പദവി. പാലക്കാട് സ്വദേശി ഹേമചന്ദ്രന്‍ നായര്‍ പതിമൂന്നാം വയസില്‍ ആഗ്രഹിച്ച ഇന്ത്യന്‍ ജേഴ്സി സ്വന്തമാവുന്നത് എഴുപത്തി നാലാം വയസില്‍. എഴുപത് വയസിന് മുകളിലുള്ളവരുടെ പ്രഥമ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള അവസരം നേടുന്ന മലയാളിയായി ചരിത്രത്തിന്റെ ഭാഗമാവും.  

 

ഇങ്ങനെ കൈകളില്‍ തിരിയുന്ന പന്ത് ഏത് സമയത്തും വിക്കറ്റുമായി മൂളിപ്പറന്നേക്കാം. ഹേമചന്ദ്രന്‍ നായര്‍ ഓടി അടുത്താല്‍ ബാറ്ററുടെ നെഞ്ചിടിക്കും. കാരണം പന്തിന്റെ വേഗതയ്ക്കൊടുവില്‍ ലക്ഷ്യം വിക്കറ്റ് നേട്ടമാവും. എഴുപത്തി നാലാം വയസിലും അത്രയേറെ കൃത്യതയുണ്ട്. പത്താം വയസില്‍ തുടങ്ങിയ ആഗ്രഹത്തിന് അറുപത്തി നാല് വര്‍ഷത്തിന് ശേഷം ചരിത്ര നേട്ടം. എഴുപത് കഴിഞ്ഞവരുടെ പ്രഥമ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള അവസരം കൈവന്നത് നമ്മുടെ സ്വന്തം പാലക്കാട്ടുകാരനായ ഹേമചന്ദ്രന്‍ നായര്‍ക്ക്. വേഗമേറിയ പന്തെറിയുന്നയാള്‍ എന്നതാണ് പ്രധാന വിശേഷണമെങ്കിലും ബാറ്റിങിലും ഫീല്‍ഡിങിലും ഒരുപോലെ മികവുണ്ട്. 

 

 

 

അപ്രതീക്ഷിതമായി ലഭിച്ച മികച്ച അവസരം നേട്ടമാക്കി കപ്പുയര്‍ത്താന്‍ കഴിയുമെന്ന് പരിശീലകന്‍. ‌ജൂലൈ ഇരുപത്തി എട്ട് മുതല്‍‌ ഓഗസ്റ്റ് 11 വരെ ഇംഗ്ലണ്ടിലാണ് ലോകകപ്പ്. ഇന്ത്യയ്ക്ക് പുറമേ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കാനഡ, ന്യൂസീലന്‍ഡ്, ശ്രീലങ്ക, വെയ്്്ല്‍സ് എന്നീ രാജ്യങ്ങളാണ് മല്‍‌സരിക്കുന്നത്. ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്സ് ക്രിക്കറ്റ് യു.കെയും, വൈറ്ററന്‍സ് ക്രിക്കറ്റ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് എഴുപതിന് മുകളില്‍ പ്രായമുള്ളവരുടെ ആദ്യ ലോകകപ്പ് സംഘടിപ്പിക്കുന്നത്.