വിരമിച്ച താരം ടെസ്റ്റ് ടീമില്‍‌; ഐസിസിയുടെ വിലക്കിന് ശ്രീലങ്കയുടെ മാസ്റ്റര്‍ പ്ലാന്‍; പറ്റിച്ചത് ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശ്രീലങ്കയുടെ ടി20 ക്യാപ്റ്റന്‍ വനിന്ദു ഹസരംഗയെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ച. ഫ്രാഞ്ചൈസി കിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ കളിക്കാന്‍ 2013 ഓഗസ്റ്റിലാണ് ഹസരംഗ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. നാല് ടെസ്റ്റില്‍ മാത്രം കളിച്ച ലങ്കന്‍ ഓള്‍റൗണ്ടര്‍ക്ക് 196 റണ്‍സും നാല് വിക്കറ്റുമാണ് ടെസ്റ്റ് നേട്ടം. 2021 ഏപ്രിലിലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. എന്നിട്ടും എന്തിനാകും താരത്തെ പൊടുന്നനെ ടീമിലേക്ക് തിരികെ വിളിച്ചത്. ഇവിടെയാണ് ലങ്കന്‍ ടീമിനെ മാസ്റ്റര്‍ പ്ലാന്‍. 

അംപയറുടെ  തീരുമാനത്തിനെതിരെ എതിരഭിപ്രായം ഉന്നയിച്ചതിന് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഐസിസി നടപടിയെടുത്ത താരമാണ് വനിന്ദു ഹസരംഗ. ഐസിസിയുടെ വിലക്ക് പ്രകാരം രണ്ട് ടെസ്റ്റ് മല്‍സരങ്ങളോ നാല് ഏകദിനം/ ടി20 മല്‍സരങ്ങളോ താരത്തിന് നഷ്ടമാകും. ഈ വിലക്കിനെ പൊളിക്കുകയാണ്  വനിന്ദു ഹസരംഗയെ ടീമിലെടുക്കുക വഴി ശ്രീലങ്കയുടെ തന്ത്രം. 

‌ബംഗ്ലാദേശിനെതിരായ പരമ്പര അവസാനിച്ചാല്‍ ശ്രീലങ്കന്‍ ടീമിന്‍റെ  അടുത്ത ഷെഡ്യൂള്‍ ടി20 ലോകകപ്പാണ്. ലോകകപ്പിലെ നാലാം മല്‍സരത്തില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെയാണ് നേരിടുന്നത്. ക്യാപ്റ്റനില്ലാതെ ലോകപ്പിലെ ആദ്യ നാല് മല്‍സരങ്ങള്‍ കളിക്കുക എന്നത് ടൂര്‍ണമെന്‍റില്‍ ശ്രീലങ്കന്‍ ടീമിന്‍റെ സാധ്യതകളെ ബാധിക്കും. അതിനാല്‍ ലോകകപ്പ് മല്‍സരങ്ങളെ ബാധിക്കാത്ത തരത്തില്‍ ടീമിലിടം നേടാനാണ് ഹസരംഗെ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിയതെന്നാണ് കണക്കാക്കുന്നത്. വിലക്കുള്ളതിനാല്‍ പരമ്പരയിലെ രണ്ട് ടെസ്റ്റും താരത്തിന് നഷ്ടമാകും. 

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ 37–ാം ഓവറില്‍ അംപയറുടെ കയ്യില്‍ നിന്ന് തൊപ്പി തട്ടിയെടുക്കുകയും അംപയറിംഗിനെതിരെ പരിഹസിക്കുകയും ചെയ്തതാണ് താരത്തിനെതിരെ കണ്ടെത്തിയ കുറ്റം. മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തപ്പെട്ട താരത്തിന് മൂന്ന് ഡീമെരിറ്റ് പോയിന്‍റും ലഭിച്ചു. 24 മാസത്തിനിടെ ആകെ എട്ട് ഡീമെരിറ്റ് പോയിന്‍റ് നേടിയതോടെയാണ് രണ്ട് ടെസ്റ്റ് അല്ലെങ്കില്‍ നാല് ഏകദിനം/ടി20 കളിക്കുന്നതിന് വിലക്കു ലഭിച്ചത്.  

വെള്ളിയാഴ്ചയാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ് അടങ്ങുന്ന പരമ്പര ഏപ്രില്‍ മൂന്നിനാണ് അവസാനിക്കുക. ഇതിനാല്‍ തന്നെ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ താരമായ ഹസരംഗയ്ക്ക് ആദ്യ മൂന്ന് ഐപിഎല്‍ മല്‍സരങ്ങള്‍ നഷ്ടമാകും. 

Wanindu Hasaranga come back to srilankan test team