‘എന്നെ അങ്ങനെ വിളിക്കല്ലേ ലജ്ജയാകുന്നു’: ആരാധകരോട് വിരാട് കോലി

തന്നെ ‘കിങ് കോലി’ എന്ന് വിളിക്കരുതെന്ന് ആരാധകരോട് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി. ‌ അങ്ങനെ അഭിസംബോധന ചെയ്യുമ്പോൾ തനിക്ക് ലജ്ജ തോന്നുന്നുവെന്നും താരം പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനു മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പുതിയ ജേഴ്‌സിയുടെ  അൺബോക്‌സിംഗ് ചടങ്ങിനിടെയാണ് കോലി തന്റെ ആവശ്യം ഉന്നയിച്ചത്.പരിപാടിയിലെ അവതാരകനായ ഡാനിഷ് സെയ്തിനോടും ആരാധകരോടുമാണു കോലി ആവശ്യം പറഞ്ഞത്. "ആദ്യം, നിങ്ങൾ എന്നെ ആ വാക്ക് വിളിക്കുന്നത് നിർത്തണം, ദയവായി എന്നെ വിരാട് എന്ന് വിളിക്കുക, നിങ്ങൾ എന്നെ ആ വാക്ക് വിളിക്കുമ്പോഴൊക്കെയും എല്ലാ വർഷവും എനിക്ക് ലജ്ജ തോന്നുന്നു’’ എന്നായിരുന്നു കോലിയുടെ വാക്കുകൾ. 

2008 മുതല്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ കളിക്കുന്ന കോലിയെ ആരാധകർ ‘കിങ് കോലി’ എന്ന് സ്നേഹത്തോടെ വിശേഷിപ്പിക്കാറുണ്ട്. മാർച്ച് 22ന് ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെയാണ് ആർസിബിക്കു നേരിടാനുള്ളത്.ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസും ഡബ്ല്യുപിഎൽ ജേതാവായ ക്യാപ്റ്റൻ സ്മൃതി മന്ദാനയും ജേഴ്സി അണ്‍ബോക്സിങ് ചടങ്ങിൽ കോലിക്കൊപ്പമുണ്ടായിരുന്നു.