ഇന്ത്യയ്ക്ക് തിരിച്ചടി; രാഹുലിനും ജഡേജയ്ക്കും പരുക്ക്; സര്‍ഫ്രാസും സുന്ദറും ടീമില്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റതിന് പിന്നാലെ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. കെ.എല്‍ രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും രണ്ടാം ടെസ്റ്റ് നഷ്ടമാകും. പരുക്കിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും വിശാഖപട്ടണം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നത്. ഇവര്‍ക്ക് പകരം മൂന്ന് താരങ്ങളെ ബിസിസിഐ ഇന്ത്യന്‍ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തി. 

സര്‍ഫ്രാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയാണ് രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയത്. ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടര്‍ന്നാണ് രവീന്ദ്ര ജഡേജ വിട്ടുനില്‍ക്കുന്നത്. വലത് തുടയിലെ പേശിവേദനയാണ് കെ.എല്‍.രാഹുലിന് വിനയായത്. 

ജഡേജയുടേയും രാഹുലിന്റേയും പരുക്ക് തങ്ങളുടെ മെഡിക്കല്‍ സംഘം നിരീക്ഷിക്കുകയാണെന്ന് ബിസിസിഐ വ്യക്തമാക്കി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സര്‍ഫ്രാസ് ഖാന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. ഇംഗ്ലണ്ട് ലയണ്‍സിന് എതിരെ ഇന്ത്യ എയ്ക്ക് വേണ്ടി സര്‍ഫ്രാസ് അടുത്തിടെ 161 റണ്‍സ് ഇന്നിങ്സുമായി തിളങ്ങി. അതേ മല്‍സരത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും അര്‍ധ ശതകം നേടുകയും ചെയ്തു. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡ്; രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, കെ.എസ്.ഭരത്, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ബുമ്ര, രജത്, സര്‍ഫ്രാസ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍.

Ravindra jadeja and KL Rahul Injured, Sarfraz Khan and Washington Sundar added to the squad