രാജ്യാന്തര സൗഹൃദമല്‍സരത്തിലും തിളങ്ങി മെസി; കരിയറില്‍ 800 ഗോളുകൾ

ലോകകപ്പിന് ശേഷം കളിച്ച രാജ്യാന്തര സൗഹൃദമല്‍സരത്തിലും തിളങ്ങി സൂപ്പര്‍താരം ലയണല്‍ മെസി. പാനമയ്ക്കെതിരായ മല്‍സരത്തില്‍ മെസിയുടെ മികവില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അര്‍ജന്‍റീന വിജയിച്ചു. കരിയറില്‍ 800 ഗോളുകളെന്ന നേട്ടവും മെസി കൈവരിച്ചു.

ലോകചാംപ്യന്‍മാരെ ആദ്യപകുതിയില്‍ ഗോളടിക്കാന്‍ സമ്മതിക്കാതിരുന്ന പാനമ പ്രതിരോധം മെസിയുടെ ഫ്രീകിക്കുകള്‍ക്ക് മുന്നില്‍ വീണു. 78ാം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചെങ്കിലും ഗോള്‍പോസ്റ്റിന് മുന്നില്‍ കാത്തുനിന്ന തിയോഗോ അല്‍മാഡ അര്‍ജന്‍റീനയ്ക്കായി വലകുലുക്കി. കളി തീരാന്‍ ഒരു മിനിറ്റ് മാത്രമുളളപ്പോഴായിരുന്നു മെസിയുടെ മാന്ത്രിക ഫ്രീകിക്ക്. മെസിയുടെ മുന്‍ ഫ്രീ കിക്കുകള്‍ തട്ടിയകറ്റിയ പാനമ ഗോളിക്ക് ഇത്തവണ അതിന് കഴിഞ്ഞില്ല. അര്‍‌ജന്‍റീന 2–0 ന് മല്‍സരം കൈയിലാക്കി. മല്‍സരശേഷം ഗോള്‍കീപ്പര്‍ അടക്കമുളള പാനമ താരങ്ങള്‍ മെസിക്കൊപ്പം സെല്‍ഫിയെടുത്തതും  ജഴ്സിയില്‍ മെസിയുടെ കയ്യൊപ്പ് വാങ്ങിയതും കൗതുകക്കാഴ്ചയായി.