ഗില്ലാട്ടം തുടരുന്നു, ബാബറിന്റെ ലോക റെക്കോര്‍ഡിനൊപ്പം, ചരിത്രം

മികച്ച ഫോമില്‍ തുടരുന്ന ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ ശുഭ്‌മാന്‍ ഗില്‍ തന്റെ കരിയറിലെ നാലാമത്തെ സെഞ്ചറി കൂടി കുറിച്ചു. ന്യൂസീലന്‍ഡിനെതിരെ ഇന്‍ഡോറില്‍ നടന്ന  മൂന്നാം ഏകദിനത്തിലും തകര്‍ത്താടിയ താരം 78 പന്തില്‍ നിന്ന് 112 റണ്‍സാണ് അടിച്ചു കൂട്ടിയത്. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേ‌ടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പവും 23 കാരന്‍ ഗില്‍ എത്തി. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഗില്‍ പേരെഴുതിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 360 റണ്‍സെന്ന ബാബറിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഗില്ലിനായി. ന്യൂസീലന്‍ഡിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ 208 റണ്‍സും രണ്ടാം ഏകദിനത്തില്‍ പുറത്താകാതെ 40 റണ്‍സുമാണ് ഗിലിന് നേടാനായത്. 

ബംഗ്സാദേശ് താരം ഇംറുല്‍ കയെസ് (349), ദക്ഷിണാഫ്രിക്കയുടെ ഡി കോക്ക് (342), ന്യൂസീലന്‍ഡ് താരം മാര്‍‌‌ട്ടിന്‍ ഗുപ്‌തില്‍ (330) എന്നിവരുടെ റെക്കോര്‍ഡ് തിരുത്തിയാണ് ഗില്‍ മുന്നേറ്റം.മൂന്ന് ഏകദിന പരമ്പരയില്‍ 350 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോ‌ര്‍ഡും ഗില്‍ സ്വന്തമാക്കി. അതേ സമയം മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് വെടിക്ക‌െട്ട് സ്‌കോര്‍ തുടര്‍ന്നു. 384  റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. 85 പന്തുകളില്‍ നിന്ന് 112 റണ്‍സ് നേടിയ  ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കളിയില്‍ താരമായി.