നിക്ഷേപത്തട്ടിപ്പിൽ ഉസൈന്‍ ബോള്‍ട്ടിന് കോടികൾ നഷ്ടം; അന്വേഷണം ആരംഭിച്ചു

നിക്ഷേപതട്ടിപ്പില്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് കോടികള്‍ നഷ്ടമായ കേസില്‍ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ സമാനരീതിയില്‍ തട്ടിപ്പിനിരയായതായി കണ്ടെത്തി. പിന്നാലെ ജമൈക്കന്‍ ധനകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥാന്‍ രാജിവച്ചു.  കരീബിയന്‍ ദ്വീപ് കണ്ട എക്കാലത്തെയും വലിയ സാമ്പത്തിക തട്ടിപ്പില്‍   ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായത് 102 കോടി രൂപയോളമാണ്.  സ്വകാര്യ നിക്ഷേപ സ്ഥാനപത്തിനെതിരെ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ജമൈക്കന്‍ സാമ്പത്തിക സേവന കമ്മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എവര്‍ട്ടന്‍ മക്ഫര്‍ലെയ്ന്‍ രാജിവച്ചു.

ക്രമക്കേടിനെക്കുറിച്ച് നേരത്തെ വിവരമറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന ആരോപണത്തിലാണ് രാജി. ഇതേ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച ഒട്ടേറെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും പണം നഷ്ടമായതായി അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ ജമൈക്കന്‍ സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.  കിങ്സ്റ്റന്‍ ആസ്ഥാനമായുള്ള നിക്ഷേപകമ്പനിയിലാണ് ബോള്‍ട്ട് പണം നിക്ഷേപിച്ചിരുന്നത്. സ്ഥാപനത്തിന്റെ മാനേജരാണ് പണം തട്ടിയത്. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. ഒന്‍പത് ലക്ഷം രൂപമാത്രമാണ് ബോട്ടിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്നത്. ഒരാഴ്ച്ചയ്ക്കകം പണം തിരികെലഭിച്ചില്ലെങ്കില്‍ നിയമനടപടി ആരംഭിക്കാനൊരുങ്ങുകയാണ് ബോള്‍ട്ട്.