'ശ്രദ്ധ കിട്ടാനായി വിമർശിക്കുന്നവർക്കുള്ള മറുപടി' , ക്രിസ്റ്റ്യാനോയെ പ്രകീർത്തിച്ച് കോലി

പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലിറങ്ങിയ സൗദി ഓൾ സ്റ്റാർ പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ട് ​ഗോളടിച്ച് കളിയിൽ താരമായ ക്രിസ്റ്റ്യാനോ വലിയ കയ്യടികൾ നേടിയിരുന്നു. വലിയ പ്രതാപം പറയാനില്ലാത്ത താരങ്ങളുമായി മെസ്സി, നെയ്മാർ, എംബാപ്പെ അടങ്ങുന്ന ഫ്രഞ്ച് വമ്പന്മാരോട് ഇറങ്ങിയ ടീമും വലിയ കയ്യടികളാണ് നേടിയത്. മത്സരത്തിൽ 5-4 ന് പരാജയപ്പെട്ടെങ്കിലും രണ്ട് ​ഗോൾ നേടിയ ക്രിസ്റ്റ്യാനോ മത്സരത്തിലെ താരമായിരുന്നു.

ക്രിക്കറ്റ് താരം വിരാട് കോലി ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ച ചിത്രവും കുറിപ്പുമാണ് നിലവിൽ സമൂഹ മാധ്യമങ്ങളിലെ ചർച്ച. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരമൊത്തുള്ള ക്രിസ്റ്റ്യാനോയുടെ ചിത്രമാണ് കോലി പങ്ക് വച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകീർത്തിച്ചെത്തിയ കോലി മുൻനിര ക്ലബുകളെ വിമർ‍‍‍‍ശിക്കുകയും ചെയ്തു. 

ഇപ്പോഴും 38 വയസ്സുള്ള അദ്ദേ​ഹം ഏറ്റവും ഉയർന്ന തലത്തിൽ തന്നെ കളിക്കുന്നു. ലോകത്തെ മുൻനിര ക്ലബ്ബുകളിലൊന്നിനെതിരെ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ, ഫുട്ബോൾ വിദഗ്ധർ എല്ലാ ആഴ്‌ചയും ശ്രദ്ധ കിട്ടാനായി അദ്ദേഹത്തെ വിമർശിക്കുന്നത് നിശബ്​ദമാവുകയാണ്. അദ്ദേഹം മികച്ച രീതിയിൽ ഫിനിഷ് ചെയ്തിരിക്കുകയാണ്. കോലി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

മത്സരത്തിനിറക്കാതെ ബെഞ്ചിലിരുത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലും പിന്നാലെ പോർച്ചു​ഗൽ ദേശീയ ടീമിലും താരത്തിനെതിരെ വിവാദമുണ്ടായിരുന്നു. പിന്നാലെ ക്ലബ് വിട്ട താരം ഈ വർഷമാദ്യം സൗദി ‍ക്ലബിലെത്തുകയായിരുന്നു. പിഎസ്ജിക്കെതിരായ അരങ്ങേറ്റ മത്സരത്തിലൂടെ ​ഗംഭീര തിരിച്ചുവരവാണ് ക്രിസ്റ്റ്യാനോ നടത്തിയത്.