മൂന്നാം സ്ഥാനപ്പോരില്‍ തീപാറും; ലഭിക്കുക കോടികള്‍, കണക്കുകള്‍ ഇങ്ങനെ

ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നാളെ അറിയാം. രാത്രി 8.30 ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയമാകും മൊറോക്കൊ– ക്രൊയേഷ്യ പോരിന് സാക്ഷിയാകുക. ലോകകപ്പ് സെമി ഫൈനല്‍ പ്രവേശനം നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന നേട്ടത്തിനപ്പുറം ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരാകുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന റെക്കോർഡ് പി‍ടിച്ചെടുക്കാനാണ് മൊറോക്കൊ ഇറങ്ങുക. സെമിയിൽ അര്‍ജന്റീനയോട് ഏറ്റ ദയനീയ തോല്‍വിയുടെ ക്ഷീണം മാറ്റാനും ഖത്തറില്‍ നിന്ന് തലയുയര്‍ത്തി മടങ്ങാനുമായിരിക്കും ലൂക്കാ മോഡ്രിച്ചിന്റെ  ക്രൊയേഷ്യ ശ്രമിക്കുക

മൊറോക്കൊയോടും ബെല്‍ജിയത്തോടും സമനില പാലിച്ചും കാന‍‍‍‍‍ഡ, ജപ്പാന്‍, ബ്രസീല്‍ ടീമുകളെ പരാജയപ്പെടുത്തിയുമാണ് ക്രൊയേഷ്യ സെമിഫൈനല്‍ വരെയെത്തിയത്. ബെല്‍ജിയം, കാനഡ, സ്പെയ്ന്‍, പോര്‍ച്ചുഗല്‍ ടീമുകളെ അട്ടിമറിച്ചാണ് മൊറോക്കൊ ഫ്രാന്‍സിെനതിരെ കളത്തിലെത്തിയത്. ഒരിക്കല്‍ കൂടി ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ തീപാറുമെന്ന് ഉറപ്പാണ്.

മൂന്നാം സ്ഥാനക്കാര്‍ക്ക് ഖത്തറില്‍ നിന്ന് ലഭിക്കാനിരിക്കുന്ന സമ്മാനത്തുകയും മത്സരത്തിന്റെ വാശി വര്‍ധിപ്പിക്കുന്നുണ്ട്. 27 മില്യണ്‍ യു.എസ് ഡോളറും വെങ്കല മെഡലുമാണ് മൂന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. ഏകദേശം 223 കോടി ഇന്ത്യന്‍ രൂപ വരും സമ്മാനത്തുക. നാലാം സ്ഥാനക്കാര്‍ക്ക് ലഭിക്കുന്ന തുകയേക്കാള്‍ രണ്ട് മില്യണ്‍ അധികമാണിത്. 25 മില്യണ്‍ അഥവാ 206 കോടി ഇന്ത്യന്‍ രൂപയാണ് നാലാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഖത്തര്‍ ലോകകപ്പ് സമ്മാനിക്കുന്നത്.