പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ജപ്പാൻ; എതിരാളികൾ കോസ്റ്റാറിക്ക; ആര് ജയിക്കും?

കോസ്റ്റാറിക്കക്കെതിരെ ഇറങ്ങുമ്പോള്‍ ജപ്പാന്റെ ലക്ഷ്യം പ്രീ ക്വാര്‍ട്ടര്‍. കരുത്തരായ ജര്‍മനിക്കെതിരെ ആദ്യമല്‍സരത്തില്‍ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഉദയസൂര്യന്റെ നാട്ടുകാര്‍. ഇന്ത്യന്‍ സമയം 3.30നാണ് മത്സരം.

ഒന്നും രണ്ടുമല്ല, ഏഴുഗോളിനാണ് കോസ്റ്റാറിക്ക സ്പെയിനോട് തകര്‍ന്നത്. ആത്മവിശ്വാസം ചോര്‍ന്നുനില്‍ക്കുന്ന കോസ്റ്റാറിക്കയെ നേരിടുമ്പോള്‍ അതുകൊണ്ട് ഏഷ്യന്‍ ശക്തികളുടെ മനോവീര്യം ഇരട്ടിയാകും. ജര്‍മനിക്കെതിരെ പ്രകടിപ്പിച്ച മികവ് കോസ്റ്റാറിക്കക്കെതിരെയും പുറത്തെടുത്താല്‍ ഗ്രൂപ്പ് ഇ യില്‍ നിന്ന് അന്തിമ 16ലെത്തുന്ന ഒരു ടീം ജപ്പാന്‍ ആയേക്കാം. പിന്നില്‍ നിന്നിട്ടും ജര്‍മനിക്കെതിരെ ജയം നേടാനായത് ജപ്പാന്റെ കൂട്ടായ്മയുടെയും, കഠിനാധ്വാനത്തിന്റെയും ഫലമായിരുന്നു.

വേഗതമാത്രമല്ല, മൂര്‍ച്ചയും കൃത്യതയും ഉള്ള ആക്രമണശൈലിയാണ് ജപ്പാന്റെത്. അത് പ്രതിരോധിക്കാന്‍ കോസ്റ്റാറിക്കയ്ക്ക് എത്രകണ്ടാകുമെന്നതിനെ ആശ്രയിച്ചിരിക്കും മല്‍സഫലം.  ജര്‍മനിയ്ക്കെതിരെ ഗോള്‍ നേടാനാകാത്തതിന്റെ ക്ഷീണം സുപ്പര്‍ താരം ടകുമി മിനാമിനോ കോസ്റ്റാറിക്കക്കെതിരെ തീര്‍ക്കുമെന്ന പ്രതീക്ഷയിലുമാണ് ജപ്പാന്‍. സ്പെയിനെതിരെ ഗോള്‍ വാങ്ങിക്കൂട്ടിയതിന്റെ നിരാശമാറണമെങ്കില്‍ കോസ്റ്റാറിക്കയ്ക്ക് മികവുകാട്ടിയെ മതിയാകു. പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്കിന്നു ജയിക്കണം. മറിച്ചാണെങ്കില്‍ കോസ്റ്റാറിക്കന്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളും അതോടെ അവസാനിക്കും. 

FIFA World Cup 2022: Japan vs Costa Rica Preview