ലോകകപ്പിലെ ഏഷ്യന്‍ പോരാട്ടം; ശ്രീലങ്ക അഫ്ഗാനിസ്ഥാനെതിരെ; ഗംഭീര മല്‍സരം തന്നെ പ്രതീക്ഷിക്കാം

ലോകകപ്പിലെ ഏഷ്യന്‍ പോരാട്ടത്തില്‍ ഇന്ന് ശ്രീലങ്ക അഫ്ഗാനിസ്ഥാനെതിരെ. മഴകളിമുടക്കി കിട്ടിയ പോയിന്റ് മാത്രമുള്ള അഫ്ഗാനിസ്ഥാന്‍ അവസാന സ്ഥാനത്താണ്. ലങ്കയ്ക്കാകട്ടെ  ഒരു മല്‍സരം മാത്രമാണ് ജയിക്കാനായത്. രാവിലെ ഒന്‍പതരയ്ക്കാണ് മല്‍സരം.

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ മല്‍സരമാണ് ലങ്ക അഫ്ഗാന്‍ പോരാട്ടം. ഏഷ്യന്‍ ട്വന്റി ട്വന്റി ചാംപ്യന്‍മാരെന്ന പൊരുമയിലെത്തിയ ലങ്കയ്ക്ക് പ്രതീക്ഷിച്ചത്ര ഗംഭീര പ്രകടനം ടൂര്‍ണമെന്റില്‍ കാഴ്ചവയ്ക്കാനിയില്ല. ആദ്യ മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ചെങ്കിലും പിന്നെ ഓസിസിനോടും കിവീസിനോടും തോറ്റു. മൂന്നുമല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റോടെ ടേബിളില്‍ ഏറ്റവും ഒടുവിലാണ് ലങ്ക. ഭനുക രജപക്സെ തകര്‍ത്തടിക്കുന്നത് മാത്രമാണ് ലങ്കയ്ക്ക് ആശ്വാസമായുള്ളത്.

ഓസിസിനെതിരെ സ്പിന്നര്‍ ഹസരങ്കെയ്ക്ക് ഉള്‍പ്പടെ തല്ലുകിട്ടിയതിന്റെ ആശങ്കയിലാണ് ടീം. അഫ്ഗാനാസ്ഥാനാകട്ടെ മഴ മൂലം മുടങ്ങിയ മല്‍സരങ്ങളുടെ പോയിന്റ് മാത്രമാണുള്ളത്. സൂപ്പര്‍ ബോളര്‍മാര്‍ക്കൊന്ന് പന്തെറിയാന്‍ പോലുമായിട്ടില്ല.ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു അഫ്ഗാന്‍.

പക്ഷേ അതിനൊത്ത പ്രകടനം ബാറ്റര്‍മാര്‍ നടത്താത്തതാണ് അഫ്ഗാന്റെ ദൗര്‍ബല്യം. നേരത്തെ ഏഷ്യകപ്പില്‍ ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ ശേഷമായിരുന്നു ലങ്കയുടെ ഗംഭീര തിരിച്ചുവരവ്. സൂപ്പര്‍ സിക്സില്‍ ഇതേ അഫ്ഗാനെയടക്കം തകര്‍ത്താണ് അന്ന് ലങ്ക കിരീടം നേടിയത്. 

ഒന്നാം ഗ്രൂപ്പിലെ വളരെ വാശിയേറിയ മല്‍സരമായിരിക്കും ശ്രീലങ്ക അഫ്ഗാനിസ്ഥാന്‍ പോരാട്ടമെന്നതില്‍ തര്‍ക്കമില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച ഫോമിലേക്കുയരാന്‍ കഴിയാത്ത രണ്ട് ടീമുകളേറ്റുമുട്ടുമ്പോള്‍ ഗംഭീര മല്‍സരം തന്നെ പ്രതീക്ഷിക്കാം. 

T20 World Cup 2022: Match 32, AFG vs SL Match Preview