TAGS

ട്വന്റി20 ലോകകപ്പ് ആവേശത്തിന് ഇനി പത്തുനാള്‍.  22ന് നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെ സൂപ്പര്‍ 12 മല്‍സരങ്ങള്‍ക്ക് തുടക്കമാകും. ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും ഉള്‍പ്പെടുന്ന യോഗ്യതാറൗണ്ട് മല്‍സരങ്ങള്‍ ഞായറാഴ്ച തുടങ്ങും. 

 

ലോകം ഒരിക്കല്‍കൂടി കുട്ടിക്രിക്കറ്റ് ലോകകപ്പ് ആരവങ്ങളിലേക്ക് കടക്കുന്നു. ലോകകപ്പിന്റെ ഏട്ടാമെഡിഷനില്‍ പതിനെട്ടടവും പയറ്റി കിരീടം സ്വന്തമാക്കാന്‍ ടീമുകളാണ് ഓസ്ട്രേലിയയിലെത്തിയത്.  ആദ്യ എഡിഷനിലെ ജേതാക്കളായ ഇന്ത്യ, ഒരോ തവണ കിരീടം നേടിയ പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയ എന്നവരൊക്കെ തന്നെയാണ് ഇക്കുറിയും ടൂര്‍ണമെന്റ് ഫേവറേറ്റ്സ്. രണ്ടുതവണ കിരീടം സ്വന്തമാക്കിയ വിന്‍ഡീസും ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയും യോഗ്യതാ റൗണ്ട് കടമ്പ കടന്നെത്തണം കിരീടപ്പോരിന്. ലോകവേദികളില്‍ തോല്‍ക്കുമെന്ന ചീത്തപ്പേര് മാറ്റാനുറച്ചാകും ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയിലെത്തുക. അഫ്ഗാനിസ്ഥാനും ബംഗ്ലദേശും കൂടി ചേരുന്നതോടെ ലോകകപ്പ് പേര് പൊടിപാറുമെന്നുറപ്പ്. ഓസ്ട്രേലിയയില്‍ ഉച്ചയ്ക്ക് ശേഷമാണ് എല്ലാ മല്‍സരങ്ങളുമെന്നതിനാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് മല്‍സരം കാണാന്‍ ഉറക്കം കളയേണ്ടതില്ലെന്നത് ആശ്വാസമാണ്. സൂപ്പര്‍ ട്വല്‍വ് മല്‍സരങ്ങള്‍ക്ക് ശേഷം നവംബര്‍ 9,10 തീയതികളില്‍ സെമി ഫൈനല്‍. കുട്ടികളുടെ ദിനത്തിന്റെ തൊട്ടുതലേന്ന് നവംബര്‍ 13ന് കുട്ടിക്രിക്കറ്റിലെ പുതിയ അവകാശികളെ അറിയാം. ഒറു പുതിയ ചാംപ്യനെത്തുമോ അതോ നിലവിലെ ചാംപ്യന്‍മാരിലാരെങ്കിലും കപ്പെണ്ണം കൂട്ടുമോ എന്നൊക്കെ കാത്തിരുന്ന് കാണാം...