സഞ്ജു യുവരാജിനെപ്പോലെയെന്ന് ഡെയ്ൽ സ്റ്റെയ്ൻ; ധീരമായ പ്രകടനമെന്ന് സേവാഗ്

 ഇന്ത്യ– ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിലെ ഗംഭീര പ്രകടനത്തിനു പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. സഞ്ജു സാംസണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെയത്രയും കഴിവുണ്ടെന്നു മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ പ്രതികരിച്ചു. ‘‘മത്സരത്തിൽ കഗിസോ റബാദ നോ ബോൾ എറിഞ്ഞപ്പോള്‍ അങ്ങനെ ചെയ്യല്ലേ എന്നാണു എനിക്കു തോന്നിയത്.

കാരണം മികച്ച ഫോമിലുള്ള സഞ്ജു സാംസണെക്കുറിച്ചു നിങ്ങൾക്ക് അറിയില്ല. ഞാൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുണ്ട്. മത്സരത്തിന്റെ അവസാന ഓവറുകളിൽ ഇഷ്ടം പോലെ ബൗണ്ടറികൾ‌ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അവിശ്വസനീയമാണ്.’’– ദക്ഷിണാഫ്രിക്കയുടെ വിജയത്തിനു പിന്നാലെ സ്റ്റെയ്ൻ വ്യക്തമാക്കി.

‘‘തബ്രിസ് ഷംസി പന്തെറിയാനെത്തിയപ്പോൾ ബോളർക്ക് ഇന്നു മോശം ദിവസമാണെന്നു സഞ്ജുവിന് അറിയാമായിരുന്നു. സഞ്ജുവിന് യുവിയുടെ കഴിവുണ്ട്. മുപ്പതിലധികം റൺസ് വേണ്ടപ്പോൾ ആറു സിക്സുകളടിക്കാനും സാധിക്കും’’– സ്റ്റെയ്ൻ പ്രതികരിച്ചു. 63 പന്തുകൾ നേരിട്ട സഞ്ജു സാംസൺ ഇന്ത്യയ്ക്കായി 86 റണ്‍സാണ് നേടിയത്. പക്ഷേ ടീം ഇന്ത്യ ഒൻപതു റൺസിന്റെ തോൽവി വഴങ്ങി.

സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ‌ ഓപ്പണര്‍ വീരേന്ദർ സേവാഗും രംഗത്തെത്തി. സഞ്ജു സാംസണിന്റേതു ധീരമായ ശ്രമമായിരുന്നെന്നും നിലവാരമുള്ള ഇന്നിങ്സാണെന്നും സേവാഗ് ട്വിറ്ററിൽ കുറിച്ചു. സഞ്ജുവിന്റെ ആക്രമണോത്സുകമായ ബാറ്റിങ്ങിനു കയ്യടി അർഹിക്കുന്നുണ്ടെന്നാണു മുഹമ്മദ് കൈഫ് പ്രതികരിച്ചത്.