ഏഷ്യാ കപ്പുയർത്തുക പാക്കിസ്ഥാനോ ശ്രീലങ്കയോ? കലാശപ്പോരിൽ ജയം ആർക്കൊപ്പം‌?

ഈ ഏഷ്യാ കപ്പ് തുടങ്ങുമ്പോൾ ആരും വില കൽപ്പിക്കാത്ത ടീമായിരുന്നു ശ്രീലങ്ക. എന്നാൽ ചോരത്തിളപ്പുള്ള ലങ്കൻ യുവനിര എല്ലാവരെയും അമ്പരപ്പിച്ച് ഫൈനലിൽ എത്തിയിരിക്കുന്നു. പാക്കിസ്ഥാനാണ് ലങ്കയുടെ എതിരാളി. കണക്കുകളിലും പ്രകടന മികവിലും പാക്കിസ്ഥാനാണ് മുൻതൂക്കമെങ്കിലും ടൂര്‍ണമെന്റില്‍ ഇതുവരെ നടത്തിയ പ്രകടനം വിലയിരുത്തുമ്പോള്‍ ലങ്കയെ ഒരിക്കലും വിലകുറച്ച് കാണുവാൻ കഴിയില്ല.

ഫൈനലിനു മുൻപുള്ള ഡ്രസ് റിഹേഴ്സലെന്ന പോലെ ശ്രീലങ്കയും പാക്കിസ്ഥാനും ഏറ്റുമുട്ടിയ അവസാന സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാനെ ശ്രീലങ്ക തോല്പിച്ചിരിന്നു. അതവരുടെ ആത്മ വിശ്വാസം ഉയർത്തുന്ന കാര്യമാണ്. എന്തായാലും പോരാട്ടം തീപാറുമെന്നുള്ള കാര്യം ഉറപ്പ്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30നാണ് ഫൈനൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം കാണാം. ദുബായിലെ പിച്ചിൽ ടോസ് നിർണായകമാണ്. ടോസ് വിജയിക്കുന്ന ടീം ഫീൽഡിങ് തിരഞ്ഞെടുക്കുമെന്നത് ഉറപ്പാണ്. 

ആതിഥേയ ലങ്ക 

ടൂർണമെന്റ് നടക്കുന്നത് യുഎഇയിലാണെങ്കിലും ഈ ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ആതിഥേയർ ശ്രീലങ്കയാണ്. രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം മത്സരങ്ങൾ അവിടെ നിന്നു മാറ്റുകയായിരുന്നു. ടൂർണമെന്റ് തുടങ്ങുമ്പോൾ ഏറ്റവും കുറവ് സാധ്യത കൽപിക്കപ്പെട്ടിരുന്ന ലങ്ക അഫ്ഗാനെതിരെ ആദ്യ മത്സരം തോറ്റതിനു ശേഷം പിന്നീടുള്ള 4 കളികളും ജയിച്ചാണ് ഫൈനലിലേക്കു കുതിച്ചെത്തിയത്. 

മികച്ച ആഭ്യന്തര ക്രിക്കറ്റ് സംവിധാനവും ലോകോത്തര ലീഗുമുണ്ടായിട്ടും ഇന്ത്യയ്ക്കു പോലും ഇപ്പോഴും പൂർണമായി പിടികിട്ടാത്ത ‘ട്വന്റി20 ക്രിക്കറ്റിനെ’ വിജയകരമായി ‘ഡീകോഡ്’ ചെയ്തെടുത്തതാണ് ലങ്കയുടെ സമീപകാല ഉണർവിനു കാരണം. ഓപ്പണർമാരായ കുശാൽ മെൻഡിസ്, പാത്തും നിസംഗ എന്നിവരിൽ തുടങ്ങുന്ന ആക്രമണോത്സുക ബാറ്റിങ്ങ് നിരയും എതിർ ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ വിക്കറ്റ് വീഴ്ത്തുന്ന ബോളർമാരുമാണ് ലങ്കയുടെ കരുത്ത്. 

പ്രവചനാതീതം പാക്ക് 

പ്രവചനങ്ങൾക്ക് എന്നും അതീതരാണെന്ന ജനിതക ഗുണം പാക്കിസ്ഥാൻ ഈ ഏഷ്യാ കപ്പിലും കാണിച്ചു. ഇന്ത്യയ്ക്കെതിരെ ഗ്രൂപ്പ് മത്സരം തോറ്റ അവർ സൂപ്പർ ഫോർ മത്സരത്തിൽ പകരം വീട്ടി. ഹോങ്കോങ്ങിനെതിരെ 155 റൺസിനു ജയിച്ച അതേ ടീം അഫ്ഗാനെതിരെ രക്ഷപ്പെട്ടത് ഒറ്റ വിക്കറ്റ് ജയത്തിൽ. ക്യാപ്റ്റൻ ബാബർ അസമിന്റെ ഫോമില്ലായ്മയാണ് പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നത്. 5 ഇന്നിങ്സുകളിൽ നിന്നായി ബാബർ നേടിയത് വെറും 63 റൺസ്. സഹ ഓപ്പണർ മുഹമ്മദ് റിസ്‌വാനാണ് പലപ്പോഴും ആ പോരായ്മ നികത്തിയത്. ഷഹീൻ ഷാ അഫ്രീദി ഇല്ലാത്തതിനാൽ പേസ് നിര ദുർബലമാകുമെന്നു കരുതിയെങ്കിലും നസീം ഷായും ഹാരിസ് റൗഫും മുഹമ്മദ് ഹസ്നൈനും കൂടുതൽ കരുത്താർജിക്കുന്നതാണ് കണ്ടത്. സ്പിന്നർമാരായ ഷദാബ് ഖാനും മുഹമ്മദ് നവാസും ഓൾറൗണ്ട് മികവുമായി തിളങ്ങി. 

ഏഷ്യാ കപ്പിന്റെ 15–ാം പതിപ്പാണിത്. ഇതിൽ പതിമൂന്നും ഏകദിന ടൂർണമെന്റായിരുന്നു. 2016ലും ഇത്തവണയും ട്വന്റി20 മത്സരങ്ങൾ. ഇന്ത്യയാണ് കൂടുതൽ തവണ ജേതാക്കളായത്–7. ശ്രീലങ്ക 5 തവണയും പാക്കിസ്ഥാൻ 2 തവണയും ചാംപ്യൻമാരായി.