വീണ്ടും സെഞ്ചുറി; കോലിയുടെ റെക്കോർഡ് മറികടന്നു; മിന്നലായി ബാബര്‍ അസം

റെക്കോർഡുകൾ മറികടന്നു കുതിക്കുകയാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചറിയോടെയാണ് (107 പന്തിൽ 9 ഫോർ അടക്കം 103) അസം അപൂർവ റെക്കോർഡിലെത്തിയത്. ഏകദിന ക്രിക്കറ്റിലെ തുടർച്ചയായ 3–ാം സെഞ്ചറിയാണ് അസം മുൽത്താനിൽ കുറിച്ചത്.

ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു (114, 105*) മുൻ സെഞ്ചറികൾ. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഒന്നിലേറെ തവണ തുടർച്ചയായ 3 സെഞ്ചറികൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് അസം പേരിലാക്കി. വിൻഡീസിനെതിരെ 2016ൽ നടന്ന പരമ്പരയിലാണ് ഇതിനു മുൻപ് അസം തുടർച്ചയായി 3 സെഞ്ചറികൾ നേടിയത്. 

മാത്രമല്ല അതി വേഗത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന് 1000 റണ്‍സ് കണ്ടെത്തുന്ന താരം എന്ന നേട്ടം കൂടി ബാബര്‍ തന്റെ പേരിലേക്ക് ചേർക്കുകയും ചെയ്തു. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ ബാറ്റുവീശുന്ന അസം, കഴിഞ്ഞ 5 ഇന്നിങ്സിലും 50നു മുകളിൽ റൺസ് സ്കോർ ചെയ്തിരുന്നു. ഇതിൽ നാലും സെഞ്ചറികളാണ്. ഏകദിനത്തിലെ 17–ാം സെഞ്ചറിയാണു ബുധൻ രാത്രി വിൻഡീസിനെതിരെ കുറിച്ചത്. 

ഐസിസിയുടെ ഏകദിന–ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം നമ്പർ ബാറ്ററാണ് അസം. ടെസ്റ്റ് റാങ്കിങ്ങിൽ 4–ാം സ്ഥാനത്തും. ക്യാപ്റ്റൻ എന്ന നിലയിൽ അതിവേഗം 1000 റൺസ് നേടുന്ന താരം എന്ന വിരാട് കോലിയുടെ റെക്കോർഡും മത്സരത്തിനിടെ അസം തകർത്തു. 17 ഇന്നിങ്സിലാണു കോലി നേട്ടത്തിലെത്തിയിരുന്നത് എങ്കിൽ അസമിനു വേണ്ടിവന്നത് വെറും 13 ഇന്നിങ്സ്.

അസം സെഞ്ചറിയോടെ തിളങ്ങിയ മത്സരത്തിൽ ഉജ്വല പോരാട്ടം പുറത്തെടുത്ത വിൻഡീസിനെ അവസാന ഓവറിലാണു പാക്കിസ്ഥാൻ മറികടന്നത്. ജയത്തോടെ 3 മത്സര പരമ്പരയിൽ പാക്കിസ്ഥാൻ (1–0) മുന്നിലെത്തി.