'പൂജാരയെ കണ്ട് യുവതാരങ്ങൾ പഠിക്കണം': തിരിച്ചുവരവിൽ വാനോളം പ്രശംസിച്ച് കൈഫ്

കുറച്ച് കാലങ്ങളായി തുടരുന്ന മോശം പ്രകടനമാണ് ചേതേശ്വര്‍ പുജാരയ്‌ക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാകുവാൻ കാരണം. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്‌തനായിരുന്ന താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്‌ പരമ്പരയിലെ മോശം പ്രകടനത്തോട് കൂടി ടീമിൽ നിന്നും പുറത്തവുകയും ചെയ്തു. ഒരുപാട് യുവതാരങ്ങൾ അവസരം കാത്ത് പുറത്ത് നിൽക്കുമ്പോൾ പൂജാരയ്ക്ക് ഇനിയൊരു അവസരം ലഭിക്കില്ല എന്ന് വിമർശകർ തന്നെ വിധിയെഴുതി. ഇതിന് പിന്നാലെ ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പട്ടികയിൽ നിന്നും താരത്തെ തരം താഴ്ത്തുകയും ചെയ്തു. എന്നാൽ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടത്തോടെ ദേശീയ ടീമിലേക്ക് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് 34 കാരനായ താരം. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്കാണ് പുജാര മടങ്ങിയെത്തിയത്.

കൗണ്ടിയില്‍ സസെക്‌സിനായി അഞ്ച് ഡിവിഷൻ മത്സരങ്ങളിൽ നിന്ന് 720 റൺസാണ് താരം അടിച്ചെടുത്തത്. രണ്ട് ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറികളും ഉള്‍പ്പെടെയായിരുന്നു പൂജാരയുടെ മിന്നും പ്രകടനം. ഈ പ്രകടനം സെലക്‌ടർമാർക്ക് അവഗണിക്കുവാൻ കഴിഞ്ഞതുമില്ല. ഫലമോ ഇംഗ്ളണ്ടിനെതിരേയുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തു. 

കൗണ്ടി ക്രിക്കറ്റിൽ കളിച്ച് ഗംഭീര പ്രകടനം നടത്തിയ പൂജാരയുടെ നിശ്ചയദാർഢ്യത്തെയും കഴിവുകളെയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് അഭിനന്ദിച്ചു. യുവ ക്രിക്കറ്റ് താരങ്ങൾക്ക് പിന്തുടരേണ്ട മികച്ച മാതൃകയാണ് പൂജാരയെന്നും കൈഫ് പറഞ്ഞു.

'പൂജാരയിൽ നിന്ന് നിങ്ങൾക്ക് വളരെയധികം പഠിക്കാൻ കഴിയും, നിങ്ങളെ പുറത്താക്കുകയാണെങ്കിൽ ഒരു ബാറ്ററായി നിങ്ങൾ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ കൗണ്ടിയിലേക്ക് മടങ്ങുക, നിങ്ങൾ രഞ്ജിയിലേക്ക് മടങ്ങുക, എന്നിട്ട് കളിച്ച് നന്നായി റൺസുകൾ നേടുക. പരമാവധി റൺസുകൾ വാരിക്കൂട്ടുക. പൂജാര അതാണ് ചെയ്തത്. എങ്ങനെ ഒരു തിരിച്ചുവരവ് നടത്താം എന്ന കാര്യത്തിൽ പുറത്തായ ഏതൊരു യുവതാരത്തിനും അവൻ ഒരു മികച്ച മാതൃകയാണ്. ഒരുപക്ഷേ നിങ്ങൾ പൂജാരയുടെ അടുത്തേക്ക് പോയി, കഴിഞ്ഞ രണ്ട് മാസങ്ങളിൽ അവൻ ചെയ്ത കാര്യങ്ങൾ കാണണം. ഇന്ത്യയ്‌ക്കുവേണ്ടി അദ്ദേഹം മൂന്നാം നമ്പർ കളിക്കുമെന്ന് ഞാൻ കരുതുന്നു'. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ കൈഫ് പ്രതികരിച്ചു.

ഇന്ത്യയ്ക്കാ‌യി ഇതേവരെ 95 ടെസ്റ്റുകളിൽ നിന്ന് 43.87 ശരാശരിയിൽ 6713 റൺസാണ് താരം നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ കൊവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിനായാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ ബർമിങ്ഹാമിലാണ് മത്സരം നടക്കുക.