യുവേഫ നേഷന്‍സ് ലീഗ്; സെമിഫൈനല്‍ യോഗ്യത നേടാനാകാതെ ഫ്രാന്‍സ്

യുവേഫ നേഷന്‍സ് ലീഗില്‍ സെമിഫൈനല്‍ യോഗ്യത നേടാനാകാതെ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ്.  ക്രൊയേഷ്യയോട്  തോറ്റതോടെയാണ് ഫ്രാന്‍സിന്‍റെ സെമിഫൈനല്‍ മോഹങ്ങള്‍ അസ്തമിച്ചത്. മറ്റു മല്‍സരങ്ങളില്‍ ഡെന്‍മാര്‍ക്ക് ഓസ്ട്രിയയേയും അസര്‍ബൈജാന്‍ ബെലാറൂസിനേയും തോല്‍പ്പിച്ചു.

ചാംപ്യന്‍മാരായ ഫ്രാന്‍സിന്‍റെ കഷ്ടകാലം തുടരുന്നു.   നേഷന്‍സ് ലീഗില്‍  സെമിഫൈനല്‍ യോഗ്യത നേടാനാകാതെ ദിദിയര്‍‍ ദെഷാംപ്സും സംഘവും. പാരിസില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സ് ക്രൊയേഷ്യയോട് തോറ്റത്. കളിയുടെ അഞ്ചാം മിനിറ്റില്‍  ലഭിച്ച പെനല്‍റ്റി ലൂക്ക മോഡ്രിച്ച് ഗോളാക്കി മാറ്റുകയായിരുന്നു.

നാലു മല്‍സരങ്ങളില്‍ രണ്ടു തോല്‍വിയും രണ്ടു സമനിലയുമായി രണ്ട് പോയിന്‍റ് മാത്രമാണ് ഫ്രാന്‍സിനുള്ളത്. ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഡെന്‍മാര്‍ക്ക് ഗ്രൂപ്പില്‍ ഒന്നാമതെത്തി. ജോനാസ് വിന്‍ഡും ആന്‍ഡ്രേ ഓള്‍സനുമാണ് ഡെന്‍മാര്‍ക്കിനായി സ്കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ അസര്‍ബൈജാന്‍ ബെലാറൂസിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു അസര്‍ബൈജാന്‍റെ വിജയം.