ഇന്ത്യയുടെ 'ലേഡി സച്ചിന്‍'; റെക്കോർഡുകളുടെ തോഴി; മിതാലി രാജ് വിടവാങ്ങുമ്പോൾ

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു. വനിത ടെസ്റ്റ് ഏകദിന ടീം ക്യാപ്റ്റനായ മിതാലി രാജ് 39ാം വയസിലാണ് രണ്ടരപതിറ്റാണ്ടോളം  നീണ്ട കരിയറിന് അവസാനമിടുന്നത്. രണ്ടുമാസം മുമ്പ് നടന്ന ഏകദിന ലോകകപ്പിലാണ് അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്. ഇന്ത്യയെ രണ്ട് ഏകദിന ലോകകപ്പ് ഫൈനലിലേയ്ക്ക് നയിച്ച ഏകക്യാപ്റ്റനാണ് മിതാലി രാജ്. സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഭരതനാട്യം നര്‍ത്തകിയായി വേദി കീഴടക്കാനായിരുന്നു എട്ടുവയസുകാരി മിതുവിന്റെ സ്വപ്നം. സഹോദരനൊപ്പം സെക്കന്ദരാബാദിലെ  സെന്റ് ജോണ്‍സ് കോച്ചിങ് ക്യാംപില്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ മിതാലിയെയും  എയര്‍ഫോഴ്സ് ജീവനക്കാരനായിരുന്ന അച്ഛനെത്തിച്ചത് പത്താം വയസില്‍. ബൗണ്ടറി ലൈനനപ്പുറമിരുന്ന് ഹോം വര്‍ക്ക് ചെയ്ത ശേഷം ബോറടിച്ച മിതാലി  ബാറ്റു ചെയ്യുന്നത് കോച്ച് ജ്യോതി പ്രസാദിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ക്രീസിലേയ്ക്ക്..

മകളെ ഒരു ക്രിക്കറ്റ് താരമാക്കുക എന്നതിലപ്പുറം ഒരു  പ്ലാന്‍ ബി മിതാലിയുടെ മാതാപിതാക്കള്‍ക്കില്ലായിരുന്നു. രാവിലെ എഴുന്നേല്‍ക്കാന്‍ മടിച്ച മിതുവിനെ അച്ഛന്‍ ദുരൈരാജ് തന്നെ കൃത്യമായി പരിശീലനത്തിന് എത്തിച്ചു. ആറുമണിക്കൂര്‍ പരിശീലനം. കഠിനാധ്വാനത്തിനുള്ള പ്രതിഫലം കാലം കാത്തുവച്ചിരുന്നു.  1999–ല്‍ അരങ്ങേറ്റ മല്‍സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 114 റണ്‍സെടുത്തതോടെ വനിത ഏകദിന ക്രിക്കറ്റിലെ പ്രായം കുറഞ്ഞ സെഞ്ചൂറിയനായി. ഒരുയുഗത്തിന്റെ തുടക്കമായിരുന്നു അത്.  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നേടിയത്  214 റണ്‍സ്. ട്വന്റിയില്‍ രണ്ടായിരം റണ്‍സ് തികച്ച ആദ്യ ഇന്ത്യന്‍ താരം.

ഫോര്‍മാറ്റ് ഏതായാലും മിതാലിയില്ലാത്ത പ്ലെയിങ് ഇലവനില്‍ ഇന്ത്യയ്ക്ക് സ്വപ്നം കാണാനാവില്ലായിരുന്നു.  2017–ല്‍ വിസ്ഡന്‍ ലീഡിങ് വുമണ്‍ ക്രിക്കറര്‍പുരസ്കാരം, അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ഖേല്‍രത്ന. കളത്തിലെ മികവിന് ലോകവും രാജ്യവും മിതാലിയെ അംഗീകരിച്ചുകൊണ്ടേയിരുന്നു. 

ഇതൊരു യുഗാന്ത്യം... പതിനാറാം വയസില്‍ ഇന്ത്യന്‍ ജേഴ്സിയില്‍ സെഞ്ചുറി നേടിത്തുടങ്ങിയ പെണ്‍കുട്ടി 39ാം വയസില്‍ ക്രിക്കറ്റിനോട് വിടപറയുമ്പോള്‍,  ലോകം കണ്ട ഏക്കാലത്തെയും മികച്ച ക്രിക്കര്‍മാരില്‍ ഒരാള്‍ എന്നത് മേല്‍വിലാസം. ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി, 5000 റണ്‍സ് നേടുന്ന ആദ്യ വനിതാ ക്യാപ്റ്റന്‍, രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരും റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ താരം, ഖേല്‍ രത്ന പുരസ്കാരം നല്‍കി രാജ്യം ആദരിച്ച ഏക വനിത ക്രിക്കറ്റ് താരം. സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ശേഷം ആറ് ഐസിസി ലോകകപ്പ് കളിക്കുന്ന ഏക ഇന്ത്യന്‍ താരം, എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍ സ്വന്തം പേരില്‍കുറിച്ചാണ് മിതാലി രാജ് കളമൊഴിയുന്നത്. 

2005ലും 2017ലും ഏകദിന ലോകകപ്പ് ഫൈനലിലേയ്ക് ഇന്ത്യയെ നയിച്ച മിതാലി ഏകദിനത്തില്‍ ഏഴ് സെഞ്ചുറി ഉള്‍പ്പടെ നേടിയത് 7805 റണ്‍സ്.  ട്വന്റി 20യില്‍ 17 അര്‍ധസെഞ്ചുറിയും 2364 റണ്‍സും. വെറും 12 ടെസ്റ്റില്‍ നിന്ന് നേടിയത് ഒരു ഇരട്ട സെഞ്ചുറി ഉള്‍പ്പടെ 699 റണ്‍സ്. 23 വര്‍ഷം നീണ്ട കരിയറിന് അവസാനമിട്ട നിമിഷവും ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഏഴാമതുണ്ട് മിതാലി രാജ് എന്ന പേര്. 

വെറും 14 വയസ്സുള്ളപ്പോൾ 1997 ലോകകപ്പിനുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട താരമാണു മിതാലി. 2 വർഷത്തിനു ശേഷം ഇന്ത്യയ്ക്കായി കളിച്ച അരങ്ങേറ്റ മത്സരത്തിൽ അയർലൻഡിനെതിരെ പുറത്താകാതെ നേടിയത് 114 റൺസ്. 2002ൽ 3–ാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ചറി (214). രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വരവറിയിക്കാൻ ഒരു ടീനേജ് താരം ഇതിലും അപ്പുറം എന്താണു ചെയ്യേണ്ടത്?

വിരാട് കോലിയെപ്പോലെയോ രോഹിത് ശർമയെയോ പോലെ അരങ്ങേറ്റത്തിനു ശേഷം താളവും സ്ഥിരതയും കണ്ടെത്താൻ മത്സരങ്ങളുടെ ‘നീണ്ടനിര’ മിതാലിക്കു വേണ്ടി വന്നിരുന്നില്ല. ബാറ്റിങ്ങിലെ ആ സ്വാഭാവിക ശൈലി കരിയറിന്റെ ഒടുക്കംവരെ നിലനിർത്താനായതും മിതാലിയുടെ നേട്ടമാണ്. 

ഹർമൻപ്രീത് കൗർ, സ്മൃതി മന്ധാന അടക്കമുള്ള സൂപ്പർ താരങ്ങൾ അരങ്ങേറിയതും മിതാലിക്കു കീഴിലാണ്. ക്രിക്കറ്റിലെ ഒരുപിടി റെക്കോർഡുകൾ നെഞ്ചോടു ചേർത്താണു മിതാലിയുടെ വിടവാങ്ങൽ.