റിങ്കു ഔട്ടായത് നോ ബോളിലോ? 'ഇത് കൊടും ചതി'; അംപയറിങ്ങിന് രൂക്ഷവിമർശനം

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത– ലക്നൗ ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്തയുടെ യുവതാരം റിങ്കു സിങിന്റെ പ്രകടനം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനമായിരുന്നു.  തോറ്റെന്നുറപ്പിച്ച മത്സരം ഒടുവിൽ വിജയത്തിന്റെ വക്കിൽനിന്നു വഴുതിപ്പോയതിന്റെ നിരാശയിൽ വികാരാധീനനായി നിന്ന റിങ്കു സിങിനെ ആരാധകർ ഉടനൊന്നും മറക്കുകയുമില്ല.

വെറും 15 പന്തിൽ 2 ഫോറും 4 സിക്സും അടക്കം 40 റൺസ് അടിച്ചെടുത്ത റിങ്കു പുറത്തായതാകട്ടെ, മത്സരം അവസാനിക്കാൻ ഒരൊറ്റ പന്തു മാത്രം ബാക്കി നിൽക്കെ. മത്സരത്തിലെ ജയത്തിനു പിന്നാലെ പ്ലേ ഓഫ് ഘട്ടത്തിലേക്കു മുന്നേറിയതിന്റെ ആവേശത്തിൽ ലക്നൗ ടീം ഡഗൗട്ട് ആഘോഷത്തിമിർപ്പിലേക്കു കടന്നപ്പോൾ കടുത്ത നിരാശയിൽ പൊട്ടിക്കരയുന്ന റിങ്കു സിങ്ങിന്റെ ദൃശ്യം ക്രിക്കറ്റ് ആരാധകരെ സങ്കടത്തിലാഴ്ത്തിയതുമാണ്.

കൊൽക്കത്ത താരം റിങ്കു സിങ് പുറത്തായത് നോ ബോളിലാണോ എന്ന ചോദ്യമാണ് ആരാധകർ ഇപ്പോൾ ഉന്നയിക്കുന്നത്? കൊൽക്കത്തയുടെ ജയത്തിന് 21 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ തകർത്തടിച്ച റിങ്കു സിങ്ങിനെ, 5–ാം പന്തിൽ പുറത്താക്കിയ മാർക്കസ് സ്റ്റോയ്നിസ്സാണ് ലക്നൗവിനെ മത്സരത്തിൽ തിരികെയെത്തിച്ചത്.

ബാക്ക്‌വേഡ് പോയിന്റിൽ ഉജ്വല ഇടംകൈയൻ ഡൈവിങ് ക്യാച്ചിലൂടെ എവിൻ ലൂയിസാണ് റിങ്കുവിനെ മടക്കിയത്. റിങ്കു പുറത്തായതിനു തൊട്ടടുത്ത പന്തിൽ ഉമേഷ് യാദവ് ബോൾഡ് ആകുക കൂടി ചെയ്തതോടെയാണ് കൊൽക്കത്ത 2 റൺസ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ അവർ പ്ലേഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

എന്നാൽ മത്സരം പൂർത്തിയായതിനു പിന്നാലെ റിങ്കു സിങ് പുറത്തായ സ്റ്റോയ്നിസ്സിന്റെ 5–ാം പന്ത് നോബോൾ ആയിരുന്നോ എന്ന ചോദ്യം ഉയർത്തി സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകർ രംഗത്തെത്തി. ആരോപണം സാധൂകരിക്കുന്ന വിധമുള്ള ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ചിലർ പങ്കുവയ്ക്കുകയും ചെയ്തു. 

സ്റ്റോയ്നിസ് ബോൾ ചെയ്തത് ഫ്രണ്ട് ഫുട്ട് നോബോളാണെന്നു വ്യക്തമാണ് എന്നാണ് ഒട്ടേറെ ആരാധകരുടെ ആരോപണം. അതേ സമയം, മത്സരത്തിന്റെ നിർണായക ഘട്ടത്തിലുണ്ടായ സുപ്രധാന സംഭവത്തിൽ, ബോളർ വര മറികടന്നാണോ ബോൾ ചെയ്തതെന്നു പരിശോധിക്കാൻ പോലും കൂട്ടാക്കാത്ത അംപയറിങ്ങിനെതിരെ ചോദ്യം ഉയർത്തുകയാണു മറ്റു ചിലർ.