യുവതാരങ്ങൾ മിന്നും ഫോമിൽ; ആരെ ഒഴിവാക്കും? സെലക്ടർമാർ ആശയക്കുഴപ്പത്തിൽ

സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 14–ാം ടെസ്റ്റ് പരമ്പരജയം നേടിയതിന്റെ ത്രില്ലിലാണ് ടീം ഇന്ത്യ. പക്ഷേ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് മുന്നിലുളളത് വലിയ തലവേദനയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പര്യടനത്തില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണമെന്ന ആശയക്കുഴപ്പത്തിലാകും സിലക്ടര്‍മാരും കോച്ചും.

രോഹിത് ശര്‍മ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങി സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ സ്വന്തം മണ്ണില്‍ വമ്പന്‍ ജയം നേടിയത്. ലഭിച്ച അവസരം മായങ്ക് അഗര്‍വാളും ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും ജയന്ത് യാദവും നന്നായി മുതലാക്കി. ജൂനിയര്‍ താരങ്ങള്‍ ക്യാപ്റ്റന്റെ പ്രശംസയും ഏറ്റുവാങ്ങി. ഇതോടെ വെട്ടിലായത് സിലക്ടര്‍മാരും കോച്ചുമാണ്. എല്ലാവരും ഫോമിലേക്കുയര്‍ന്നതോടെ ആരെ തള്ളണം ആരെ കൊള്ളണം എന്ന അവസ്ഥ. ഇതൊരു നല്ല തലവേദനയാണെന്നാണ് കോലി പറഞ്ഞത്. സിലക്ടേര്‍സിന് മികച്ച ഉത്തരം നല്‍കാനാകുമെന്നും  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ഏതൊക്കെ മേഖലകളിലാണ് മാറ്റം വേണ്ടതെന്ന് തിരിച്ചറിയാന്‍  കൂടിയുള്ള അവസരമായിരുന്നു ഈ പരമ്പരയെന്നും ഇന്ത്യന്‍ സ്കിപ്പര്‍. ടെസ്റ്റ് ക്രിക്കറ്റ് മികവ് പുലര്‍ത്തണമെങ്കില്‍ അതിനോട് തീവ്രമായ താല്‍പര്യമുണ്ടാകണം. ടീമിലെ യുവതാരങ്ങള്‍ക്ക് അതുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് സുരക്ഷിതമായ കരങ്ങളിലാണെന്നും കോലി. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ടീം ഇന്ത്യ നേരിടുന്ന പ്രധാനപ്രശ്നം അജിന്‍ക്യ രഹാനെയുടെ മോശം ഫോമാണ്. കഴിഞ്ഞ ആറു ടെസ്റ്റ് ഇന്നിങ്സില്‍ രഹാനെ ഒരു അര്‍ധസെഞ്ചുറി പോലും നേടിയില്ല. കളത്തിന് പുറത്ത് നടക്കുന്ന വിമര്‍ശനങ്ങളുടെ പേരില്‍ ആരേയും തള്ളിപ്പറയില്ലെന്ന് വിരാട് കോലി പറഞ്ഞു. ആരുടേയും ഫോമിനെ നമുക്ക് ജഡ്ജ് ചെയ്യാനാവില്ല. അവര്‍ ഏത് അവസ്ഥയിലൂടെയാണ്  കടന്നുപോകുന്നതെന്നും നമുക്കറിയില്ല. അവരെ പിന്തുണയ്ക്കുകയാണ് വേണ്ടത്, അതിമനോഹരമായ ഇന്നിങ്സുകള്‍ നമുക്ക് സമ്മാനിച്ച അവര്‍ പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.