‘വായിൽ പാൻമസാലയല്ല; ചവച്ചത് മധുരമിട്ട് പൊടിച്ച അടയ്ക്ക’; വൈറൽ യുവാവ്

കാൺപൂരിൽ നടക്കുന്ന ഇന്ത്യ–ന്യൂസിലൻഡ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനത്തിൽ വൈറലായിരുന്നു ഒരു യുവാവിന്റെ വിഡിയോ.വായിൽ എന്തോ ചവച്ച് ഫോണിൽ സംസാരിക്കുന്ന യുവാവിന്റെയും അയാളെ നോക്കി തൊട്ടടുത്തിരിക്കുന്ന യുവതിയുടെയും ദൃശ്യങ്ങളായിരുന്നു ഇത്. ദൃശ്യങ്ങൾ വൈറലായതോടെ നിരവധി ട്രോളുകൾ പ്രചരിക്കുകയും ചെയ്തു. ‌‌‌ഇയാൾ പാൻമസാല ഉപയോഗിക്കുന്നുവെന്ന് ചൂണ്ടികാട്ടി വിമർശിച്ചവരും നിരവധിയാണ്. എന്നാൽ യഥാർഥത്തിൽ സംഭവിച്ചത് എന്തെന്നു വൈറൽ ദൃശ്യത്തിലെ നായകൻ തന്നെ പിറ്റേന്ന് സ്റ്റേഡിയത്തിലെത്തി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഷോബിത് പാണ്ഡെ എന്നാണ് ഇയാളുടെ പേര്. കാൺപുരിലെ മഹേശ്വരി മഹൽ സ്വദേശി. വിഡിയോ വൈറലാവുകയും പുകയില ഉപയോഗത്തിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തതോടെ പിറ്റേ ദിവസം ഒരു പ്ലക്കാർഡുമായാണ് ഇയാൾ മത്സരം കാണാൻ എത്തിയത്. ‘പുകയില തിന്നുന്നത് മോശം ശീലമാണ്’ എന്ന് ഇതിൽ എഴുതിയിരുന്നു. തുടർന്നാണ് മാധ്യമങ്ങളോട് ഇയാൾ സംസാരിച്ചത്.

‘ഞാൻ പാൻമസാലയോ പുകയിലയുള്ള മറ്റേതെങ്കിലും ഉത്പന്നങ്ങളോ അല്ല ചവച്ചത്. മധുരം ചേർത്തു പൊടിച്ച അടയ്ക്ക ആയിരുന്നു അത്. ഒപ്പം ഉണ്ടായിരുന്നത് എന്റെ സഹോദരിയാണ്. സ്റ്റേഡിയത്തിന്റെ മറ്റൊരു ഭാഗത്ത് ഇരിക്കുന്നുണ്ടായിരുന്ന സുഹൃത്തുമായാണ് അപ്പോൾ ഞാൻ ഫോണിൽ സംസാരിച്ചത്. 10 സെക്കന്റ് മാത്രമായിരുന്നു ആ കോളിന്റെ ദൈർഘ്യം. പക്ഷേ അത് ടിവിയിൽ വരികയും വൈറലാകുകയും ചെയ്തു’ ഷോബിത് മാധ്യമങ്ങളോട് പറഞ്ഞു.

സഹോദരിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ മോശം കമന്റുകൾ വരുന്നതിലെ വേദനയും ഷോബിത് തുറന്നു പറഞ്ഞു.‘ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് എനിക്ക് പേടിയോ മാനക്കേടോ ഇല്ല. എന്നാൽ എന്റെ സഹോദരിയെക്കുറിച്ച് ചില മോശം കമന്റുകള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ടു. ഇത് എന്നെ അസ്വസ്ഥനാക്കി. അതുപോലെ ഈ സംഭവത്തെക്കുറിച്ച് അറിയാനായി മാധ്യമസ്ഥാപനങ്ങളിൽനിന്ന് നിരവധി കോളുകൾ വരുന്നുണ്ട്. അതും ബുദ്ധിമുണ്ടാക്കുന്നു’ ഷോബിത് കൂട്ടിച്ചേർത്തു.