ഇമ്രാൻ സഹോദരനെന്ന് സിദ്ദു: എങ്കില്‍ മക്കളെ അതിർത്തിയിലേക്ക് വിടൂ: ഗംഭീർ

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിദ്ദുവിനെതിരെ രൂക്ഷവിമർശനവുമായി ഗൗതം ഗഭീർ എംപി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മൂത്ത സഹോദരനെന്ന് സിദ്ദു വിളിച്ചതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. 'ഇമ്രാൻ ഖാൻ‌ എന്റെ മൂത്ത സഹോദരനാണ്. ഞാൻ ആദരിക്കപ്പെട്ടു. അദ്ദേഹം ഞങ്ങള്‍ക്കു വളരെയേറെ സ്നേഹം നൽകി.’ എന്നായിരുന്നു ഇമ്രാൻ ഖാനെ കുറിച്ചുള്ള സിദ്ദുവിന്റെ വാക്കുകൾ. എന്നാൽ ഈ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായാണ് ഗംഭീർ എത്തിയത്. പാക്കിസ്ഥാനിലെ കർതാപൂർ സാഹിബ് ഗുരുദ്വാര സന്ദർശിച്ച ശേഷമാണ് പാക് പ്രധാനമന്ത്രിയെ സിദ്ദു പുകഴ്ത്തിയത്. ഇത്തരത്തിലുള്ള പരാമർശം നടത്തുന്നതിന് മുൻപ് സിദ്ദുവിന്റെ മക്കളെ അതിർത്തിയിലേക്ക് വിടണമെന്ന് ഗംഭീര്‍ പ്രതികരിച്ചു. ഭീകരരുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സഹോദരനെന്ന് വിളിക്കുന്നത് നാണക്കേടാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കശ്മീരിൽ 40ലേറെ സൈനികരെ പാക്കിസ്ഥാൻ ഭീകരർ കൊലപ്പെടുത്തിയത് സിദ്ദുവിന് ഒാർമയുണ്ടോയെന്നും ഗംഭീർ ചോദിച്ചു. നിങ്ങളുടെ മകനെയോ മകളെയോ അതിർത്തിയിലേക്ക് വിടൂ, എന്നിട്ട് ഭീകരരുടെ തലവനെ സഹോദരനെന്ന് വിളിപ്പിക്കൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. പാക്കിസ്ഥാൻ സൈനിക മേധാവിയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരിലും സിദ്ദു നേരത്തെ വിവാദത്തിലായിട്ടുണ്ട്. 2018ൽ ആയിരുന്നു അത്തരത്തിലുള്ള പരാമർശം.