ബയോ ബബ്ളിലെ ജീവിതം വയ്യ, വാക്സിനെടുക്കാൻ വിസമ്മതം; ക്രിക്കറ്റിന് 'നോ' പറഞ്ഞ് മുരളി വിജയി

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മുൻ ഓപ്പണറും ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സ് താരവുമായിരുന്ന മുരളി വിജയ് കോവിഡ് വാക്സിനെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ട്. ഇപ്പോൾ നടന്നുവരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽനിന്ന് താരം വിട്ടുനിൽക്കുന്നതും ഇക്കാരണത്താലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വാക്സിനെടുക്കാനുള്ള മടിക്കു പുറമേ, ബയോ സെക്യുർ ബബ്ളിലുള്ള ജീവിതത്തോടും താരത്തിനു താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് രാജ്യവ്യാപകമായി മത്സരങ്ങൾ നടക്കുന്നത്. 

‘അത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണ്. വാക്സിനെടുക്കാൻ അദ്ദേഹത്തിന് മടിയുണ്ട്. ഒരു ടൂർണമെന്റ് തുടങ്ങുന്നതിന് ഒരാഴ്ച മുൻപേ താരങ്ങൾ ബയോ സെക്യുർ ബബ്ളിൽ പ്രവേശിക്കണമെന്നാണ് ബിസിസിഐയുടെ നിർദ്ദേശം. ടൂർണമെന്റ് അവസാനിക്കുന്നതുവരെ അതിൽ തുടരുകയും വേണം. ഇക്കാര്യത്തിലും വിജയിന് അഭിപ്രായ വ്യത്യാസമുണ്ട്. അതുകൊണ്ട് തമിഴ്നാട് സിലക്ടർമാർ അദ്ദേഹത്തെ ടീമിലേക്കു പരിഗണിച്ചതേയില്ല’ – തമിഴ്നാട് ക്രിക്കറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

ഒരുകാലത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇപ്പോൾ 37 വയസ്സുള്ള മുരളി വിജയ്. 3982 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2020 വരെ ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎലിൽ കളിച്ചിരുന്നു. ആ വർഷത്തെ ഐപിഎലിൽ സീസണാണ് ബയോ സെക്യുർ ബബിളിൽ ബിസിസിഐ സംഘടിപ്പിച്ച ആദ്യ ടൂർണമെന്റ്.

അതിനുശേഷം ഇന്നുവരെ മുരളി വിജയ് തമിഴ്നാട് ടീമിനായിട്ടും കളിച്ചിട്ടില്ല. തന്റെ തീരുമാനം തമിഴ്നാട് സിലക്ടർമാരെ എഴുതി അറിയിക്കുകയും ചെയ്തു. ഈ വർഷത്തെ ഐപിഎലിലും അദ്ദേഹം കളിച്ചില്ല. അദ്ദേഹം ഏറ്റവും ഒടുവിൽ തമിഴ്നാട് ജഴ്സിയണിഞ്ഞത് 2019ൽ കർണാടകയ്‌ക്കെതിരായ ഒരു രഞ്ജി ട്രോഫി മത്സരത്തിലാണ്. തമിഴ്നാട് പ്രിമിയർ ലീഗ് ഉൾപ്പെടെ വിവിധ ടൂർണമെന്റുകളിൽനിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ മുരളി വിജയിനെ സിലക്ടർമാരും പൂർണമായും കൈവിട്ട മട്ടാണ്.