ഇന്ത്യ–പാക് ക്രിക്കറ്റ്: രാഷ്ട്രധർമത്തിനും രാജ്യതാൽപര്യത്തിനും എതിര്: രാംദേവ്

ട്വന്റി20 ലോകകപ്പിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം ഇന്നു രാത്രി നടക്കാനിരിക്കെ, മത്സരത്തിനെതിരെ കടുത്ത നിലപാടുമായി യോഗാ ഗുരു ബാബാ രാംദേവ്. ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം രാജ്യ താൽപര്യത്തിനും അതുവഴി രാഷ്ട്രധർമത്തിനും എതിരാണെന്ന് ബാബാ രാംദേവ് പറഞ്ഞു. ‘ഭീകരവാദത്തിന്റെ കളിയും ക്രിക്കറ്റ് കളിയും ഒരേ സമയം നടത്താനാകില്ലെ’ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൂപ്പർ 12 പോരാട്ടങ്ങൾക്ക് നാന്ദി കുറിച്ചാണ് ഇന്ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. രാത്രി 7.30 മുതലാണ് മത്സരം. മത്സരത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം മറ്റേതൊരു പോരാട്ടത്തേയും പോലെ തന്നെയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും ആവർത്തിച്ചിരുന്നു. അതിനിടെയാണ് മത്സരത്തിനെതിരെ ബാബാ രാംദേവിന്റെ വിമർശനം.നാഗ്പുർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇന്ത്യ–പാക്ക് മത്സരം രാജ്യതാൽപര്യത്തിനു തന്നെ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടത്.