ഫോട്ടോയിൽ ഭാര്യയുടെ മുഖം മറച്ചതിൽ വിമർശനം; അധിപനല്ല പങ്കാളിയാണെന്ന് പഠാൻ

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിൽ ഭാര്യ സഫ ബെയ്ഗിന്റെ മുഖം മറച്ചതിന്റെ പേരിൽ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാനെതിരെ രൂക്ഷ വിമർശനം. വിമർശനം വിദ്വേഷ പ്രചാരണത്തിലേക്ക് വഴിമാറിയതോടെ വിശദീകരണവുമായി പഠാൻ രംഗത്തെത്തി. ഇർഫാൻ പഠാന്റെ മകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിലാണ് സഫയുടെ മുഖം മായ്ച്ച് കളഞ്ഞത്. ഇതോടെ, ഭാര്യയുടെ മുഖം കാണിക്കാൻ പഠാൻ സമ്മതിക്കുന്നില്ലെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി പഠാന്റെ രംഗപ്രവേശം. ചിത്രത്തിൽ മുഖം മറയ്ക്കാനുള്ള തീരുമാനം ഭാര്യയുടേത് മാത്രമാണെന്ന് പഠാൻ വ്യക്തമാക്കി. താൻ ഭാര്യയുടെ അധിപനല്ലെന്നും പങ്കാളിയാണെന്നും പഠാൻ വ്യക്തമാക്കി. ‘എന്റെ മകന്റെ അക്കൗണ്ടിൽനിന്ന് ഭാര്യ തന്നെയാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്. അതിന്റെ പേരിൽ വലിയ തോതിൽ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ആ ചിത്രം ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതിൽ തന്റെ മുഖം അവർ മായ്ച്ച് കളഞ്ഞത് അവളുടെ മാത്രം ഇഷ്ടപ്രകാരമാണ്. ഞാൻ അവളുടെ അധിപനല്ല, പങ്കാളിയാണെന്ന് ഓർമിപ്പിക്കുന്നു.’ ഇർഫാൻ പഠാൻ ട്വിറ്ററിൽ കുറിച്ചു.

കോവിഡ് വ്യാപനം മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് ഇർഫാൻ പഠാനും സഹോദരൻ യൂസഫ് പഠാനും. ഇതിനകം ഒട്ടേറെപ്പേർക്ക് ഓക്സിജൻ സിലിണ്ടറുകവും വെന്റിലേറ്ററുകളും എത്തിക്കാൻ പഠാൻ സഹോദരൻമാർ മുൻകൈ എടുത്തിരുന്നു. ഇരുവരും ചേർന്ന് സ്ഥാപിച്ച പഠാൻ ഫൗണ്ടേഷനിലൂടെയാണ് ഇവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ.