‘ആ പ്രൈവറ്റ് ജെറ്റെടുത്ത് ഇന്ത്യയിൽ വന്നു നോക്കൂ..’: സ്വരം കടുപ്പിച്ച് മൈക്കൽ സ്ലേറ്റർ

ഇന്ത്യയിൽനിന്നുള്ളവർ രാജ്യത്തേക്കു പ്രവേശിച്ചാൽ ജയിൽ ശിക്ഷയും പിഴയും നേരിടേണ്ടി വരുമെന്നു പ്രഖ്യാപിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസനെതിരെ രൂക്ഷ വിമർശനം തുടർന്ന് മുൻ ക്രിക്കറ്റ് താരവും ഐപിഎൽ കമന്റേറ്ററുമായ മൈക്കൽ സ്ലേറ്റർ. ‘മനുഷ്യരാശി ബുദ്ധിമുട്ടു നേരിടുമ്പോൾ പ്രധാനമന്ത്രിയുടെ നിലപാട് കൊള്ളാം. നിങ്ങളുടെ സ്വകാര്യ വിമാനമെടുത്ത് നിങ്ങൾ ഇന്ത്യ സന്ദർശിക്കണം. തെരുവുകളിൽ മൃതശരീരങ്ങൾ വീണുകിടക്കുന്നതു നിങ്ങൾ കാണണം. ഇന്ത്യയിലെ സ്ഥിതി നിങ്ങൾ മനസ്സിലാക്കണം’ – പ്രധാനമന്ത്രിയോടു ട്വിറ്ററിലൂടെ സ്ലേറ്റർ ആവശ്യപ്പെട്ടു.

ഇന്ത്യയിൽനിന്നുള്ളവരെ വിലക്കിയ മോറിസന്റെ നടപടി കാടത്തമാണെന്നും രാജ്യത്തിന് അപമാനമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സ്ലേറ്ററുടെ വിമർശനം. ‘നിങ്ങളുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു’ എന്നും സ്ലേറ്റർ ആരോപിച്ചിരുന്നു. സ്ലേറ്ററുടെ പ്രതികരണം കാര്യമറിയാതെയുള്ള അബദ്ധ പ്രസ്താവനയാണെന്നായിരുന്നു മോറിസന്റെ പ്രതികരണം. ഇന്ത്യയിൽനിന്നു മടങ്ങിയ സ്ലേറ്റർ ഇപ്പോൾ മാലദ്വീപിലാണ്.