അനസിന്റെ ജഴ്സിക്ക് ലേലത്തിൽ ഒന്നര ലക്ഷം; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഫുട്ബോൾതാരം അനസ് എടത്തൊടികയുടെ ജഴ്സി ഒന്നര ലക്ഷത്തിലേറെ രൂപയ്ക്ക് ലേലത്തിൽ പോയി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റിയാണ് ലേലം സംഘടിപ്പിച്ചത്. താരം ആദ്യമായി ഇന്ത്യയ്ക്കായി കളിച്ചപ്പോൾ ധരിച്ച 22 –ാം നമ്പർ ജഴ്സിയാണ് ലേലത്തിന് വച്ചത്.

ഓൺലൈനായി നടന്ന ലേലത്തിൽ 1,55,555 രൂപയാണ് ഉയർന്ന തുക വീണത്. കൊണ്ടോട്ടി സ്വദേശികളായ സഹോദരങ്ങൾ അഷ്ഫറും സൂഫിയാൻ കാരിയുമാണ് ജഴ്സി സ്വന്തമാക്കിയത്.

ശനിയാഴ്ച താരം തന്നെ ജഴ്സി ഇവർക്ക് കൈമാറും. 2017 മാർച്ച് 22 നാണ് അനസ് എടത്തൊടിക ആദ്യമായി ഇന്ത്യയ്ക്കായി കളിക്കാൻ ഇറങ്ങിയത്.