'അന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; അവർ കാവലിരുന്നു രക്ഷിച്ചു': വെളിപ്പെടുത്തൽ

ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് മുഹമ്മദ് ഷമി. എന്നാല്‍, വിവാദങ്ങൾ ഒഴിഞ്ഞ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് താരം ഇപ്പോൾ. എന്നാൽ, തന്റെ പ്രതിസന്ധി കാലഘട്ടത്തിൽ മൂന്നുതവണ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് ഷമി വെളിപ്പെടുത്തി. തന്റെ സഹതാരം രോഹിത് ശർമയോടാണ് ഷമിയുടെ ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ. ഷമിയും ഭാര്യ ഹസിൻ ജഹാനുമായുള്ള പ്രശ്നങ്ങൾ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു.

''അക്കാലത്ത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു. താൻ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന ഭയത്താൻ സുഹൃത്തുക്കൾ 24 മണിക്കൂറും തനിക്ക് കാവലിരിക്കുകയായിരുന്നു. വീട്ടുകാരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ മടങ്ങി വരവ് സാധ്യമല്ലായിരുന്നുവെന്നും'' ഷമി പറഞ്ഞു. 2018ലാണ് ഹസിൻ ജഹാൻ ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നൽകുന്നത്. ഇതിനുപിന്നാലെ ഷമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിനെ തുടർന്ന് ഷമിയുടെ കരാർ ബിസിസിഐ തടഞ്ഞുവച്ചിരുന്നു.

'എന്റെ ജീവിതം വലിയൊരു ദുരന്തത്തിൽ അവസാനിക്കുമെന്ന് കുടുംബം ഭയന്നിരുന്നു. ജീവിതം ആകെ ഉലഞ്ഞുപോയി. ആ സമയത്ത് 3 തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുപോയി. ഞാൻ പറഞ്ഞത് നീ വിശ്വസിക്കുമോന്ന് അറിയില്ല. ഞങ്ങൾ താമസിച്ചിരുന്ന 24 നിലക്കെട്ടിടത്തിന്റെ മുകളിൽനിന്ന് ഞാൻ ചാടുമോയെന്നായിരുന്നു അവരുടെ ഭയം’. അന്ന് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ഷമി രോഹിത്തിനോട് പറ‍ഞ്ഞു.

'അതേസമയം, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചത് എന്റെ മാതാപിതാക്കളാണ്. അന്നുമുതൽ ക്രിക്കറ്റല്ലാതെ ഒന്നും ശ്രദ്ധിച്ചില്ല. വളരെ ഏറെ ബുദ്ധിമുട്ടിയ ദിനങ്ങളായിരുന്നു അത്. എന്റെ സഹോദരനും ഞാൻ കാരണം ബുദ്ധിമുട്ടുണ്ടായി. ആയിടയ്ക്കാണ് ഒരു അപകടം സംഭവിച്ചത്. ഐപിഎൽ തുടങ്ങാൻ രണ്ടാഴ്ച മാത്രം ഉള്ളപ്പോഴായിരുന്നു അത്. എല്ലാം കൂടി ജീവിതത്തിൽ തളർന്നുപോയെന്നും' ഷമി പറഞ്ഞു.