വീണ്ടും സമനില; വിജയം കാണാതെ ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ  സൂപ്പർ ലീഗിൽ തുടർച്ചയായ ഒൻപതാം മൽസരത്തിലും വിജയം കാണാതെ കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ  ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. സ്കോർ 1-1. ബർത്തലോമിയോ ഒഗ്ബച്ചേ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ വിഖ്യാത താരം അസമാവോ ഗ്യാൻ നോർത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചു.

കളി ജയിക്കാൻ ബോൾ പൊസഷനും പാസുകഴും മാത്രം പോര ഗോളുകൾ കൂടി വേണമെന്ന് ബ്ലാസ്റ്റേഴ്സിനെ പഠിപ്പിച്ചാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കൊച്ചിയിൽ കളി അവസാനിപ്പിച്ചത്. ജയിച്ചേ തീരൂ എന്ന അവസ്ഥയിൽ ഗ്രൌണ്ടിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനൻറെ മുന്നേറ്റങ്ങളോടെയാണ് കളി ചൂടു പിടിച്ചത്. പന്ത് കൈവശം വച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് കളി നിയന്ത്രിച്ച് നിർത്തി. ആദ്യപകുതി അവസാനിക്കാൻ മൂന്നു മിനിട്ട് ശേഷിക്കെ ഒഗ്ബച്ചേ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോൾ സമ്മാനിച്ചു. പന്തുമായി കുതിച്ച ഒഗ്ബച്ചേയെ നോർത്ത് ഈസ്റ്റ് ഗോളി ബോക്സിൽ വീഴ്ത്തി.പെനാൽട്ടി. ക്യാപ്റ്റന് ലക്ഷ്യം പിഴച്ചില്ല. ബ്ലാസ്റ്റേഴ്സിന് ലീഡ്.

ഒരു ഗോൾ കടവുമായി ഇടവേളയ്ക്ക് പിരിഞ്ഞ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കണക്കു തീർത്തു. റഫറിയുടെ തെറ്റായ തീരുമാനത്തിൽ നിന്നായിരുന്നു ഈ ഗോൾ. ബോക്സിനകത്ത് സെയ്ത്യാസൻറെ തലയിൽ കൊണ്ട പന്ത് ഹാൻഡ് ആണെന്ന് വിധിച്ച് റഫറി പെനാൽട്ടി നൽകിയപ്പോൾ നോർത്ത് ഈസ്റ്റ് താരങ്ങൾ പോലും ഞെട്ടി. കിക്കെടുത്ത ഘാനയുടെ ഇതിഹാസതാരം അസമാവോ ഗ്യാന് പിഴച്ചില്ല. പിന്നീട് ഇരു ടീമുകളും ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തിയങ്കിലും ഒന്നും ഗോളിലേക്കും വിജയത്തിലേക്കുമെത്തിയില്ല.