ദേശീയ സ്കൂൾ സീനിയർ അത്‌ലറ്റിക് മീറ്റ്; ആൻസി സോജൻ വേഗമേറിയ പെൺതാരം

ദേശീയ സ്കൂൾ സീനിയർ അത്‌ലറ്റിക് മീറ്റിലെ കേരളത്തിന്റെ ആൻസി സോജൻ വേഗമേറിയ പെൺതാരം. 100 മീറ്ററിൽ 12.10 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ആൻസി കേരളത്തിന്റെ ആദ്യ സ്വർണം നേടിയത്. 

നിരാശയുടെ ട്രാക്കിൽ ആൻസി സോജനിലൂടെ കേരളത്തിന്റെ ആദ്യ പൊൻ ചിരി. മോശം തുടക്കത്തിന് ശേഷം അവസാന 50 മീറ്ററിലെ കുതിപ്പാണ് ആൻസിക്ക് സ്വർണ്ണം നേടിക്കൊടുത്തത്.

ആൺകുട്ടികളുടെ 100 മീറ്ററിൽ കർണാടകയുടെ ശശികാന്ത് സ്വർണ്ണം നേടി.

പെൺകുട്ടികളുടെ 400 മീറ്ററിൽ  ഗൗരി നന്ദന മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

 പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ അനു മാത്യു 12. 40 മീറ്റർ ചാടിയാണ് വെങ്കലം ഉറപ്പിച്ചത്. തമിഴ്നാടിന്റെ ബബിഷയാണ് മീറ്റ് റെക്കോർഡോടെ ഇൗ ഇനത്തിൽ സ്വർണ്ണം നേടിയത്. തകർത്തത് മലയാളി താരം ജെനിമോൾ ജോയ് 2013ൽ സ്ഥാപിച്ച റെക്കോർഡ്. 

 ഇതുവരെ നാല് മെഡലുകൾ പെൺകുട്ടികൾ കേരളത്തിനായി നേടിയപ്പോൾ ആൺ കുട്ടികൾ രണ്ടാം ദിവസവും നിരാശപ്പെടുത്തി. ആൺ കുട്ടികളുടെ 100, 400 മീറ്ററരുകളിലും, ഹൈജംപിലും കേരളത്തിന് മെഡൽ ഒന്നും ലഭിച്ചില്ല. 

മഞ്ഞിനൊപ്പം ചാറ്റൽ മഴയും ചേർന്നതോടെ രൂക്ഷമായ കാലാവസ്ഥ മറികടന്നാണ് കേരളത്തിന്റെ കുട്ടികൾ നേട്ടങ്ങൾ ഉണ്ടാക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ ടീമിന് കൂടുതൽ ആത്മിശ്വാസം നൽകുന്നതാണ് ഇത്.