ഗോളടിച്ചുകൂടി റയല്‍ മഡ്രിഡ്; റോഡ്രിഗോയ്ക്ക് ഹാട്രിക്

യുവേഫ ചാംപ്യന്‍സ് ലീഗില്‍ കൗമാരതാരം റോഡ്രിഗോയുടെ ഹാട്രിക് മികവില്‍ റയല്‍ മഡ്രിഡ്  ഗലാട്ടസറയെ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് തകര്‍ത്തു. ഗബ്രിയല്‍ ജിസ്യൂസ് പെനല്‍റ്റി നഷ്ടപ്പെടുത്തിയ മല്‍സരത്തില്‍  മാഞ്ചസ്റ്റര്‍ സിറ്റിയെ അറ്റ്്ലാന്റ സമനിലയില്‍ തളച്ചു.  യുവന്റസ്, ബയണ്‍, പിഎസ്ജി ടീമുകളും ജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പാക്കി.

നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ടര്‍ക്കിഷ് ചാംപ്യന്‍മാര്‍ക്കെതിരെ നാലാം മിനിറ്റില്‍ റോഡ്രിഗോ റയലിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. ആദ്യ പകുതിയില്‍ റയല്‍ നാലുഗോളുകള്‍ക്ക് മുന്നില്‍. കരിം ബെന്‍സീമ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ഇഞ്ചുറി ൈടമില്‍ റോഡ്രിഗോ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഗോള്‍കീപ്പര്‍ ബ്രാവോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അറ്റ്ലാന്റ ഒരോഗോള്‍ സമനിലയില്‍ പൂട്ടി. 

പ്രതിരോധതാരം കൈല്‍വാക്കറാണ് അവസാന പത്തുമിനിറ്റില്‍ സിറ്റിയുടെ ഗോള്‍വലകാത്തത്. പത്തുപേരുമായി കളിച്ച  ബയര്‍ ലവര്‍കൂസന്‍ അത്‌ലറ്റികോ മഡ്രിഡിനെ 2–1ന് അട്ടിമറിച്ചു. മൗറോ ഇക്കാര്‍ഡിയുടെ ഏകഗോളില്‍ പി എസ് ജി ക്ലബ് ബ്രുഗയെ തോല്‍പിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു .

ലോക്കോമോട്ടിവ് മോസ്കോയ്ക്കെതിരെ ഡഗ്ലസ് കോസ്റ്റയുടെ ഇഞ്ചുറി ടൈം ഗോളാണ് യുവന്റസിന് ജയമൊരുക്കിയത്. മൂന്നാം മിനിറ്റില്‍ ആരണ്‍ റാംസി യുവന്റസിനെ മുന്നിലെത്തിച്ചെങ്കിലും ഒന്‍പതുമിനിറ്റുകള്‍ക്കകം റഷ്യന്‍ ക്ലബ് തിരിച്ചടിച്ചു. പുതിയ പരിശീലകന്റെ കീഴിലറങ്ങിയ ബയണ്‍ മ്യൂണിക്ക് ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിനെ 2–0ന് തോല്‍പിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.