അർധസെഞ്ചുറി നേടിയിട്ടും ജയിച്ചില്ല; ചുമരിലിടിച്ച് ദേഷ്യം തീർത്ത് മാർഷ്; പരുക്ക്

മത്സരം സമനിലയായതിന്റെ വിഷമം ഡ്രസിങ് റൂമിന്റെ ചുമരിലിടിച്ച് തീർത്ത് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ്. മിച്ചലിന്റെ കൈക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിൽ അര്‍ധസെഞ്ചുറി നേടിയിട്ടും ടീം വിജയിക്കാത്തതിന്റെ നിരാശയാണ് മാർഷ് ഡ്രസിങ് റൂമിൽ തീര്‍ത്ത്. 

പെർത്തിൽ ടാസ്മാനിയക്കെതിരെ നടന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിലാണ് സംഭവം. മറുപടി ബാറ്റിങ്ങിനിറങ്ങിയ മാർഷ് അർധസെഞ്ചുറി നേടിയിരുന്നു. തൊട്ടുപിന്നാലെ ജാക്സൺ ബേർഡിന്റെ പന്തിൽ പുറത്തായി. 

മത്സരം സമനിലയാകുകയും ചെയ്തു. പിന്നാലെ ഡ്രസിങ് റൂമിലെത്തിയ മാർഷ് ചുമരിലിടിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ബോൾ ചെയ്യുന്ന വലതു കൈക്കാണ് പരുക്കേറ്റത്.