ഒരു ലോകകപ്പ് കൂടി കളിച്ചേനെ; ആരും പിന്തുണച്ചില്ല; നിരാശ പങ്കുവെച്ച് യുവ്‍രാജ് സിങ്ങ്

ഒരു ലോകകപ്പ് കൂടി കളിക്കാനാകാത്തതിലുള്ള നിരാശ പങ്കുവെച്ച് യുവ്‍രാജ് സിങ്ങ്. ''2011 ശേഷം മറ്റൊരു ലോകകപ്പ് കളിക്കാനാകാത്തതിൽ എനിക്ക് നിരാശയുണ്ട്. ടീം മാനേജ്മെന്റിൽ നിന്നും ചുറ്റുമുള്ളളവരില്‍ നിന്നും എനിക്ക് പിന്തുണയുണ്ടായിരുന്നില്ല. അത്തരത്തിലൊരു പിന്തുണയുണ്ടായിരുന്നുവെങ്കിൽ മറ്റൊരു ലോകകപ്പ് എനിക്ക് കളിക്കാനാകുമായിരുന്നു. ക്രിക്കറ്റിൽ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് എന്റെ പ്രയത്നം കൊണ്ടാണ്, എനിക്ക് ഡോഗ്ഫാദർമാരില്ല'' ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യുവ്‌രാജ്സിങ്ങ് പറഞ്ഞു. 

''2017 ലെ ചാംപ്യൻസ് ട്രോഫിക്കു ശേഷം കളിച്ച എട്ട് മത്സരങ്ങളിൻ രണ്ടിലും മാൻ ഓഫ് ദ മാച്ച് ആയ ഒരാൾ ഇത്ര െപട്ടെന്ന് ഒഴിവാക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. പരുക്കിനു ശേഷം ശ്രീലങ്കൻ പരമ്പരക്ക് തയ്യാറെടുക്കാൻ എന്നോട് ആവശ്യപ്പെട്ടു. 36-ാം വയസിൽ ഫിറ്റ്നസ് പരിശോധിക്കുന്ന യോയോ ടെസ്റ്റിന് എന്നെ വിധേയനാക്കി. അത് പാസായതിനു ശേഷവും ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് എന്നോടാവശ്യപ്പെട്ടത്. ആ പ്രായത്തിൽ ഫിറ്റ്നസ് ടെസ്റ്റ് പാസാകുമെന്ന് അവർ കരുതിക്കാണില്ല. എന്നെ എളുപ്പത്തില്‍ ഒഴിവാക്കാനുള്ള മാർഗമായിരുന്നു അത്. 

ഒരുപാട് കാര്യങ്ങള്‍ മനസിലുണ്ടായിരുന്നു. ഇന്ത്യക്കു പുറത്ത് കുറച്ച് മത്സരങ്ങൾ കളിക്കണമായിരുന്നു. ജീവിതം മുന്നോട്ടു പോകുന്നുണ്ടായിരുന്നില്ല. എന്നാണ് വിരമിക്കേണ്ടതെന്ന് ആലോചിച്ചു കൊണ്ടിരുന്നു. ഏതാനും വർഷങ്ങള്‍ക്കു മുൻപാണ് വിവാഹിതനായത്. വ്യക്തിജീവിതത്തിലും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. കരിയർ അവസാനിക്കാൻ പോകുന്നു എന്ന ചിന്തയും എന്നെ വിഷമിപ്പിച്ചു. ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും ലീഗ് മത്സരങ്ങൾ കളിക്കണമെങ്കില്‍ റിട്ടയർ ചെയ്യേണ്ടതുണ്ടായിരുന്നു. കാര്യങ്ങൾ ശരിയായ ദിശയിലല്ല പോയ്ക്കൊണ്ടിരിക്കുന്നതെന്ന് മനസിലായപ്പോള്‍ വിരമിക്കാൻ തീരുമാനിച്ചു'', യുവ്‍രാജ് സിങ്ങ് കൂട്ടിച്ചേർത്തു.