രവിശാസ്ത്രിയുടെ കസേരക്കു താഴെ മദ്യക്കുപ്പി; ചര്‍ച്ചയായി ആ ചിത്രം; സത്യമിത്

ഫൈനൽ കാണാതെ ഇന്ത്യ ന്യൂസിലന്റിനോട് പരാജയപ്പെട്ടതിന്റെ സങ്കടത്തിലാണ് ആരാധകർ. ഇന്നലെ മഴ തടസപ്പെടുത്തിയ കളിക്കിടയില്‍ ക്രിക്കറ്റ് ആരാധകരിൽ പലരും സോഷ്യൽ മീഡിയയിൽ തിരഞ്ഞ ഒരു കാര്യമുണ്ട്. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ ഒരു ഫോട്ടോയിൽ കാണുന്ന മദ്യക്കുപ്പിയുടെ രഹസ്യം അന്വേഷിക്കുന്ന തിരക്കിലായിരുന്നു ചിലർ. 

ജൂലൈ ആറിന് ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ശ്രീലങ്കയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ടീം ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു ഇത്. 

ചിത്രത്തില്‍ നടുക്കായാണ് രവി ശാസ്ത്രി ഇരിക്കുന്നത്. അദ്ദേഹത്തിന്റെ കസേരയ്ക്ക് താഴെ ഒരു മദ്യക്കുപ്പി ഇരിക്കുന്നതും കാണാം. സൂം ചെയ്ത് നോക്കൂ, ഇന്ത്യയുടെ വിജയരഹസ്യം മനസിലാകുമെന്ന് പറഞ്ഞാണ് നിരവധി പേർ ചിത്രം ഷെയർ ചെയ്തുകൊണ്ടിരുന്നത്. ‌‍

യാഥാർഥ്യം

യഥാർഥത്തിൽ ചിത്രത്തിൽ കാണുന്നത് മദ്യക്കുപ്പി അല്ല. ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണിത്. കസേരക്കു താഴെയുള്ള മദ്യക്കുപ്പി ആരോ എഡിറ്റ് ചെയ്ത് കയറ്റിയതാണ്.