അന്ന് ഷാറൂഖിനെയും അമ്പരപ്പിച്ച് ശ്രീശാന്തിന്റെ നൃത്തം; കയ്യടിച്ച് അക്തറും അഫ്രീദിയും: വിഡിയോ

ഇന്ത്യ–പാക്ക് ക്രിക്കറ്റ് പോരാട്ടം വീറുറ്റതെങ്കിലും ഇന്ത്യയുടെയും പാക്കിസ്ഥാന്റെ കളിക്കാര്‍ തമ്മില്‍ ഓരോ കാലഘട്ടത്തിലും നല്ല സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പിനുശേഷം സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍ ഒരുക്കിയ ‘ചക്ക് ദേ യാരാ’പരിപാടിയില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തു. പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ലോകപട്ടം നേടിയതിനുപിന്നാലെയായിരുന്നു പരിപാടി. അന്ന് മിസ്ബാ ഉള്‍ ഹഖിനെ കയ്യിലൊതുക്കിയ എസ്.ശ്രീശാന്തിന്റെ ക്യാച്ച് ക്രിക്കറ്റ് ലോകം ഇപ്പോഴും ആവേശത്തോടെയാണ് ഓര്‍ത്തിരിക്കുന്നത്. 

2007ലെ നൃത്തം വീണ്ടും തരംഗമാകുന്നു

ലോകകപ്പില്‍ മികച്ച ബോളിങ് നടത്തിയ ശ്രീശാന്തിനെ ഷാറൂഖ് വേദിയിലേയ്ക്ക് വിളിച്ച് നൃത്തംചെയ്യിപ്പിച്ചത് പാക്ക് താരങ്ങള്‍ ഉള്‍പ്പെടെ വന്‍കയ്യടിയോടെയാണ് സ്വീകരിച്ചത്. ശുഐബ് അക്തറും ശാഹിദ് അഫ്രീദിയും ധോണിക്കും സൗരവ് ഗാംഗുലിക്കും വീരേന്ദര്‍ സേവാഗിനുമൊപ്പം ശ്രീശാന്തിന്റെ നൃത്തം ആസ്വദിച്ചു. വീണ്ടുമൊരു ഇന്ത്യ–പാക്ക് മല്‍സരം എത്തുമ്പോള്‍ ശ്രീശാന്തിന്റെ ആ നൃത്തം ആരാധകര്‍ ഓര്‍ത്തെടുക്കുകയാണ്. 

അപൂര്‍വ സൗഹൃദങ്ങള്‍

1999ല്‍ പാക്കിസ്ഥാന്‍ പരമ്പരയ്ക്കായി ഇന്ത്യയില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറിന് രാജ്യം പത്മശ്രീ നല്‍കിയത്. അന്ന് വസിം അക്രം നേരിട്ടെത്തി സച്ചിനെ അഭിനന്ദിച്ചുവെന്ന് മാത്രമല്ല സ്നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. മല്‍സരത്തിനിടെ ശുഐബ് അക്തറും സച്ചിന്‍ തെന്‍ഡുല്‍ക്കറും ഒരേ കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ചത് ഇന്ത്യ–പാക്ക് പോരാട്ടങ്ങളിലെ കൗതുകക്കാഴ്ചയായി. 1997ല്‍ കാനഡയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ സൗരവ് ഗംഗുലിയുടെ ബാറ്റ് പൊട്ടി. 

പകരം ബാറ്റ് അന്വേഷിച്ച ഗംഗുലി ഒടുവില്‍ പാക്താരം ശാഹിദ് അഫ്രീദിയുടെ ബാറ്റാണ് ഉപയോഗിച്ചത്. 1987ലെ ഗോള്‍ഡണ്‌ ജൂബിലി സ്പിരിറ്റ് മല്‍സരം മുംബൈയില്‍ നടക്കുമ്പോള്‍ ഇമ്രാന്‍ ഖാന്‍ സച്ചിനെ ഫീല്‍ഡറാക്കിയത് ഈയടുത്തകാലത്താണ് പുറം ലോകം അറിഞ്ഞത്. സച്ചിന്‍തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പാക്ക് പേസ്ബോളര്‍ മുഹമ്മദ് ആമിറനെ പലവട്ടം പ്രശംസിച്ചിട്ടുണ്ട്. ഏഷ്യാകപ്പ് ക്രിക്കറ്റിനിടെ കോലിയോട് സംസാരിച്ച ആമിര്‌‍ ഒരു ബാറ്റ് ആവശ്യപ്പെട്ടിരുന്നു. പിന്നീട് അത് കോലി തന്നെ സമ്മാനിച്ചതും ബദ്ധവൈരികളുടെ പോരാട്ടത്തിലെ കൗതുകക്കാഴ്ചയായി.