ദക്ഷിണാഫ്രിക്കൻ ടീമിൽ കടുത്ത അസംതൃപ്തി; പൊട്ടിത്തെറിച്ച് അംല

ഇംഗ്ലണ്ടിനെതിരായ മൽസരത്തിനിടെ പരുക്കേറ്റു മടങ്ങുന്ന ഹാഷിം അംല.

ദക്ഷിണാഫ്രിക്കയുടെ ദയടനീയ തോല്‍വികള്‍ക്കുപിന്നാലെ ടീമിനുള്ളില്‍ അസംതൃപ്തി ഉടലെടുക്കുന്നു. ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ടീം കടന്നുപോകുന്നതെന്ന് ഹാഷിം അംല തുറന്നടിച്ചു. ഫീല്‍ഡിങ്ങിലും ബോളിങ്ങിലുമടക്കം ഒരുകാലത്ത് അതിശയിപ്പിച്ച ക്രിക്കറ്റ് കാഴ്ചവച്ച ടീമിന്‍റെ തകര്‍ച്ച ആരാധകരേയും മടുപ്പിക്കുന്നതാണ്.  

എത്തിപ്പിടിക്കാനാകാത്ത ദൂരത്തില്‍ പാഞ്ഞുപോകുന്ന പന്തിനെ പറന്നുപൊങ്ങി കൈപ്പിടിയിലാക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ പ്രകടനം ഒരുകാലത്ത് ക്രിക്കറ്റ് ആരാധകരെ അതിശയിപ്പിച്ചിരുന്നു. എന്നാലിന്ന് അതല്ല സ്ഥിതി.  

കൈപ്പിടിയിലൊതുങ്ങേണ്ട പന്തുപോലും ചോര്‍ന്ന് നിലംപതിക്കുന്നു. പിഴവ് ആവര്‍ത്തിക്കുന്നു. നിര്‍ഭാഗ്യമെന്നും, മോശം ഫോമെന്നുമൊക്കെ പറഞ്ഞ് തടിരക്ഷിക്കാമെങ്കിലും ദക്ഷിണാഫ്രിക്കയുടെ കഴിഞ്ഞ മൂന്നുമല്‍സരങ്ങളിലെ പ്രകടനത്തെ, ലോകകപ്പിന്‍റെ ഗൗരവം കണക്കിലെടുക്കാതെയോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. കീര്‍ത്തികേട്ട ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ് , ബോളി ങ്നിരയ്ക്ക് ഇതെന്തുപറ്റി..? നിരാശ  ആരാധകര്‍ക്ക് മാത്രമല്ല. ടീമില്‍തന്നെയുണ്ട്. 

ദക്ഷിണാഫ്രിക്കന്‍ ടീം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹാഷിം അംല പോലും പറയുന്നു. ശരാശരിയിലും താഴെയാണ് ടീമിന്‍റെ പ്രകടനം. എല്ലാവരും നിരാശയിലാണ്.ഒരു തിരിച്ചുവരവ് അനിവാര്യമാണ്. അംല പറയുന്നു. 

മൂന്നുമല്‍സരങ്ങളില്‍ തുടര്‍ച്ചായി തോറ്റ ദക്ഷിണാഫ്രിക്കയുടെ അടുത്ത മല്‍സരം വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ്. ഇനിയുള്ള ആറുമല്‍സരങ്ങളിലും വലിയ മാര്‍ജിനില്‍ ജയിക്കുക ഏറെക്കുറെ അസാധ്യമായതിനാല്‍ ദക്ഷിണാഫ്രിക്കയുടെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചുകഴി‍ഞ്ഞു.