ആ ജീവിതം തിരിച്ചുപിടിച്ച കഥപറഞ്ഞ് ആന്ദ്രെ അഗസി; കയ്യടിച്ച് സദസ്

ലഹരിയിൽ മുങ്ങിയ ജീവിതത്തിൽനിന്ന് ടെന്നീസിലെ ലോക ഒന്നാം നമ്പർ താരമായ കഥ പങ്കുവച്ച് ആന്ദ്രെ അഗസി. രാജ്യാന്തര അഡ്വർട്ടൈസിങ് അസോസിയേഷന്റെ ലോക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ടെന്നിസിലെ മുൻ ലോക ഒന്നാം നമ്പർ താരമായ അഗസി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച സ്വന്തം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളും അഗസി കൊച്ചിയിൽ വിശദീകരിച്ചു.

അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ടെന്നീസ് കളിച്ചു തുടങ്ങിയ ബാല്യത്തിൽനിന്ന് കൗമാരവു പിന്നിട്ടപ്പോൾ അഗസി എത്തിപ്പെട്ടത് ലഹരിയുടെ ലോകത്ത്. എന്നാൽ താൽപര്യമില്ലാതിരുന്ന ടെന്നീസിലൂടെ ജീവിതം തിരിച്ചുപിടിച്ച കഥ അഗസി പറഞ്ഞപ്പോൾ സദസ്സിൽ നിറയെ കയ്യടി.

92ൽ വിംബിൾഡൺ തുടങ്ങി എട്ട് ഗ്രാൻഡ് സ്ലാമുകൾ. തുടർച്ചയായി നൂറ് ആഴ്ച ലോക ടെന്നീസിലെ ഒന്നാം നമ്പറായി നിലനിന്നതും സ്റ്റെഫിയെന്ന ജീവിതസഖിയുമെല്ലാം ആ ഉയിർത്തെഴുന്നേൽപ്പിൽ നിന്നുണ്ടായതാണെന്ന് അഗസി. അവിടെ നിന്നാണ് അഗസി ഫൗണ്ടേഷൻ ഉണ്ടായത്. വൈകിട്ട് നാലുമണിക്ക് ശേഷം മാത്രമെന്ന നിലയിലാണ് ഇന്ത്യയിലെ കായികവിദ്യാഭ്യാസത്തിന്റെ രീതിയെന്ന് അവതാരകൻ വിജയ് അമൃതരാജ് ചൂണ്ടികാണിച്ചപ്പോൾ എല്ലാവരോം വ്യത്യസ്തരാണെന്നും അവരവരുടെ കഴിവുകൾ കണ്ടെത്തുകയാണ് വേണ്ടതെന്നും അഗസി പറഞ്ഞു.