കൊച്ചിയിൽ പിൻബഞ്ചുകാരുടെ പോരാട്ടം; നിർണായകം

കേരള ബ്ലാസ്റ്റേഴ്സിനും എതിരാളികളായ ചെന്നൈയിന്‍ എഫ് സിയ്ക്കും പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചതിനാൽ  ഇത് മാനം കാക്കാനുള്ള പോരാട്ടമാണ്. ചെന്നൈയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം. ഡിസംബർ വരെ ബ്ലാസ്റ്റേഴ്സിനൊപ്പം കളിച്ച സി.കെ. വിനീതും ഹാലിചരന്‍ നർസാരിയും ചെന്നൈയുടെ നീല ജഴ്സിയിൽ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഈ മൽസരത്തിനുണ്ട്. 

ഇന്ത്യൻ സൂപ്പർ ലീഗിലെ പിൻബഞ്ചുകാരുടെ പോരാട്ടമാണ് കൊച്ചിയിൽ. അഭിമാനം സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിനിറങ്ങുമ്പോള്‍ രണ്ട് ടീമിനും ആത്മവിശ്വസം നൽകുന്നത് ഒരേ കാര്യമാണ്. ബംഗളുരു എഫ്സിക്കെതിരായ പ്രകടനം. കഴിഞ്ഞ മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് ബംഗളുരുവിനെ സമനിലയിൽ തളച്ചെങ്കിൽ, ബിഎഫ്സിയെ തോൽപിച്ചാണ് ചെന്നൈ കൊച്ചിക്ക് വിമാനം കയറിയത്. ബംഗളുരുവിനെതിരെ കൈവിട്ട് കളിച്ച ലാകിച്ച് പെസിച്ച് ഇനിയുള്ള രണ്ടു മൽസരങ്ങളിലും ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല. കളിക്കളത്തിലെ മോശം പെരുമാറ്റത്തിൻറെ പേരിൽ പെസിച്ചിന് വിലക്ക് കിട്ടിയതോടെ പ്രതിരോധത്തിൽ പുതിയ കോംബിനേഷൻ കണ്ടെത്താനുള്ള തത്രപ്പാടിലാണ് നെലോ വിൻഗാദ. 

പരുക്കിൽ നിന്ന് മോചിതനായ അനസോ, സിറിൽ കാലിയോ ജിങ്കനൊപ്പം പ്രതിരോധം കാക്കാനിറങ്ങും. ബംഗളുരുവിനെതിരെയുള്ള മൽസരത്തിൻറെ ആദ്യപകുതിയിൽ കാഴ്ച വച്ച കളി പുറത്തെടുത്താൽ ബ്ലാസ്റ്റേഴ്സിനെ പിടിച്ചു കെട്ടാൻ ചെന്നൈയ്ക്കാവില്ല. എന്നാൽ രണ്ടാം പകുതിയിലെ കളിയാണെങ്കിൽ ചെന്നൈയ്ക്ക് അനുകൂലമാകും കാര്യങ്ങൾ. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് സ്വന്തമാക്കിയ സികെ വിനീതും ഹോളിചരൺ നർസാരിയും കൊച്ചിയിൽ ചെന്നൈയിൻറെ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും. ബ്ലാസ്റ്റേഴ്സിനെ രണ്ട് ഗോളിന് തോൽപിച്ചാൽ ലീഗിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടും ചെന്നൈയിന് ഒഴിവാക്കാം. സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ടീമിനെ കൈവിട്ട ആരാധകരെ ആശ്വസിപ്പിക്കാനെങ്കിലും ഇന്ന് ബ്ലാസ്റ്റേഴ്സിന് ജയിക്കണം.