ബാറ്റ് ക്രീസിലിട്ട് ഓടി; പാണ്ഡ്യക്ക് നഷ്ടമായത് നിർണായക റൺ

ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യ വെല്ലിങ്ടണ്‍ ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 44.1 ഓവറില്‍ 217 റണ്‍സിന് പുറത്തായി. താരതമ്യേന ഭേദപ്പെട്ട വിജയ ലക്ഷ്യമായിരുന്നിട്ടും ഇന്ത്യൻ ബോളർമാര്‍ അവസരത്തിനൊത്തുയർന്നതാണു മൽസരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഇതോടെ ഇന്ത്യയുടെ പരമ്പര നേട്ടം 4–1 ആയി.

ഓൾ റൗണ്ടർ ഹാർദിക്‌‌ പാണ്ട്യയുടെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ സ്കോർ 250 കടത്തിയത്. എന്നാൽ തന്റെ വെടിക്കെട്ട് ഇന്നിംഗ്സിനിടയിലും ഉറപ്പായിരുന്ന ഒരു റൺ പാണ്ട്യ നഷ്ടപ്പെടുത്തി.

രണ്ട് റൺസിനായി ഓടുന്നതിനിടെ ക്രീസിലേക്ക് ബാറ്റ് കൈവിട്ട് പോയതാണ് ഹാർദിക് പാണ്ഡ്യയുടെ വിലപ്പെട്ട ഒരു റൺ നഷ്ടമാക്കിയത്. 49ാം ഓവറിലായിരുന്നു സംഭവം. നീഷാം എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് യോർക്കറായിരുന്നു. എന്നാൽ പന്ത് കൃത്യമായി കണക്ട് ചെയ്ത പാണ്ഡ്യ റൺസിനായി ഓട്ടം തുടങ്ങി. എന്നാൽആദ്യ റൺ പൂർത്തിയാക്കാനായി താരം ക്രീസിൽ ബാറ്റ് കുത്താൻ ശ്രമിച്ചപ്പോൾ പാണ്ഡ്യയുടെ കൈയിൽ നിന്ന് ബാറ്റ് ക്രീസിലേക്ക് വീണു. ഫലത്തിൽ പാണ്ഡ്യയ്ക്ക് ക്രീസിൽ ബാറ്റ് കുത്താനായില്ല. എന്നാൽ താഴെ വീണ ബാറ്റ് അവിടെത്തന്നെയിട്ട പാണ്ഡ്യ, ബാറ്റില്ലാതെ രണ്ടാം റണ്ണിനായി ഓടി.

പാണ്ഡ്യ ആദ്യ റൺപൂർത്തിയാക്കിയില്ലെന്നത് ഓൺ ഫീൽഡ് അമ്പയറുടെ ശ്രദ്ധയിൽപ്പെട്ടില്ല, പക്ഷേ കിവി താരം ട്രെന്റ് ബോൾട്ട് അത് കൃത്യമായി നിരീക്ഷിച്ചിരുന്നു. പാണ്ട്യ ഷോട്ട് റൺസാണെന്ന് അമ്പയർമാരെ ബോൾട്ട് അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സ്കോറിൽ നിന്ന് ഒരു റൺസ് കുറയ്ക്കുകയും ചെയ്തു.