കിവീസ് ഉറപ്പിച്ചു; ആ പന്ത് ബൗണ്ടറി തന്നെ; പറന്നു പിടിച്ച് കുൽദീപ്; അമ്പരപ്പ്: വിഡിയോ

നേപ്പിയറിൽ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു കുൽദീപ് യാദവ്. കുല്‍ദീപ് യാദവിന്റെ നാലും മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ന്യൂസിലന്‍ഡിനെ 157ല്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ  85 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ  ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിൽ അർധസെഞ്ചുറിയുമായി പടനയിച്ച ഓപ്പണർ ശിഖർ ധവാനാണ് (പുറത്താകാതെ 75) ഇന്ത്യൻ വിജയം അനായാസമാക്കിയത്. 69 പന്തിൽ ആറു ബൗണ്ടറികൾ സഹിതമാണ് ധവാൻ 26–ാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്.  അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. 

കേദാർ ജാദവ് എറിഞ്ഞ 24–ാം ഓവറിന്റെ അവസാന പന്തിൽ അവിശ്വസനീയം എന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ചെടുത്ത് കുൽദീപ് ആവേശം ഇരട്ടിപ്പിക്കുകയും ചെയ്തു.  ജാദവിനെ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി പായിക്കാനുള്ള ഹെന്റി നിക്കോള്‍സിന്റെ ശ്രമമാണ് വിക്കറ്റില്‍ അവസാനിച്ചത്. നിക്കോള്‍സിന്റെ ബുള്ളറ്റ് ഷോട്ട് കുല്‍ദീപ് വലത്തോട്ട് ഡൈവ് ചെയ്ത് കൈയില്‍ ഒതുക്കുകയായിരുന്നു.കിവികൾ ബൗണ്ടറിയെന്ന് ഉറപ്പിച്ച പന്താണ് കുൽദീപ് നിഷ്പ്രയാസം പിടിച്ചത്. 

സ്കോർ ബോർഡിൽ വെറും അഞ്ചു റൺസുള്ളപ്പോൾ മാർട്ടിൻ ഗപ്റ്റിലിനെ നഷ്ടമായ ന്യൂസീലൻഡിന് പിന്നീട് പിടിച്ചുകയറാൻ ഇന്ത്യൻ ബോളർമാർ അവസരം നൽകിയില്ല. നാട്ടിലെ പരിചിത സാഹചര്യങ്ങളുടെ ആനുകൂല്യമുണ്ടായിട്ടും ഇന്ത്യൻ ബൗളിങ് നിരയ്ക്കു മുൻപിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയാനായിരുന്നു വിധി.