ബ്ലാസ്റ്റേഴ്സിന്റെ പാളിച്ചകൾ; ജെയിംസ് മോശം പരിശീലകൻ: ഐഎം വിജയൻ; അഭിമുഖം

'ഈ കളി പോര'. ആദ്യമത്സരത്തിലെ ജയത്തിനുശേഷം താളം കണ്ടെത്താൻ വിഷമിച്ച കേരള ബ്ലാസ്റ്റേഴ്സിനോട് മുൻ ഇന്ത്യൻ താരം ഐ എം വിജയന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്. ഈ വർഷം ഒരു തിരിച്ചുവരവിന് സാധ്യത കുറവാണെന്നും താരം പറഞ്ഞിരുന്നു. വിരലിലെണ്ണാവുന്ന മത്സരങ്ങൾ ശേഷിക്കെ ഡേവിഡ് ജെയിംസ് പരിശീലകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിക്കുകയാണ് ഐ എം വിജയൻ. 

'ഇനി ഒരവസരവും ബാക്കിയില്ലാത്ത അവസരത്തിലാണ് പരിശീലകൻ പോകുന്നത്. മികച്ച ഇലവനെപ്പോലും തിരഞ്ഞെടുക്കാൻ അറിയാത്ത പരിശീലകനാണ്. ഒരു കളിയിൽ നിന്ന് അടുത്ത കളിയിലേക്കെത്തുമ്പോൾ അഞ്ച് മാറ്റങ്ങൾ വരെ വരുത്തുന്നത് പരിശീലകന്റെ വിശ്വാസമില്ലായ്മ കൊണ്ടാണ്. ഈ തീരുമാനം കുറച്ച് നേരത്തെയാക്കാമായിരുന്നു. 

''വിദേശത്തുനിന്ന് തന്നെ പരീശീലകർ വേണമെന്നില്ലല്ലോ. നല്ല പരിശീലകർ ഇന്ത്യയിൽ തന്നെയുണ്ട്. ഇന്ത്യൻ പരിശീലകർക്കും അവസരങ്ങൾ നൽകി കഴിവ് തെളിയിക്കാനുള്ള അവസരം നൽകണം. ഇക്കാര്യത്തിൽ മാനേജ്മെന്റ് കുറച്ചുകൂടി ശ്രദ്ധിക്കണമെന്നാണ് അഭിപ്രായം. ഒരുപാട് പ്രതീക്ഷയുള്ള, അത്രയേറെ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. 

''ആദ്യത്തെ കളി എടികെയോട് ജയിച്ചു. അതിനുശേഷം ഒരു കളിയിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ടീ ഗെയിമില്ല ബ്ലാസ്റ്റേഴ്സിന്. 

ടീം സെലക്ഷനിൽ തുടങ്ങിയ പാളിച്ച

മറ്റ് ടീമുകൾക്കുള്ള പോലെ നല്ലൊരു വിദേശതാരത്തിന്റെ അഭാവവും ടീമിന് തിരിച്ചടിയായി. ബെംഗളുരുവിൽ മിക്കു ഉണ്ട്, ഗോവയിൽ ഫെറാൻ കോറോ ഉണ്ട്. നമുക്കാരാണ് ഉള്ളത്? ടീമിലുള്ള ഇന്ത്യൻ താരങ്ങളേക്കാൾ മോശം പ്രകടനമാണ് വിദേശതാരങ്ങൾ പുറത്തെടുത്തത്. 

ബെംഗളുരുവിൽ സുനിൽ ഛേത്രിയുണ്ട്. പക്ഷേ മികുവിനെ മാത്രം ആശ്രയിച്ചുള്ള കളിയും ഈ ഐഎസ്എല്ലിൽ കണ്ടു. നല്ലൊരു വിദേശതാരം ടീമിലുണ്ടെങ്കിൽ ഭേദപ്പെട്ട റിസൾട്ട് പുറത്തെടുക്കാൻ കഴിഞ്ഞേനെ. സെലക്ഷനിൽ തന്നെ പാളിച്ച പറ്റി. 

അനസിനെ പുറത്തിരുത്തി

അനസിനെപ്പോലൊരു താരത്തെ പുറത്തിരുത്തിയത് പരിശീലകൻ ചെയ്ത ഏറ്റവും വലിയ പിഴവാണ്. മറ്റ് ക്ലബ്ബുകളിലായിരുന്നപ്പോൾ മൂന്നാല് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് ആയ താരമാണ് അനസ്. എന്നിട്ടും അനസിനെ പുറത്തിരുത്തി. 

വിനീതിനോട് സ്നേഹം

ആരാധകരുടെ ചീത്തവിളിയിൽ വിനീത് വിഷമിക്കേണ്ട കാര്യമില്ല. കേരളത്തിലെ ആളുകൾ പന്തുകളി അറിയാവുന്ന ആളുകളാണ്. നന്നായി കളിച്ചില്ലെങ്കിൽ ഞാനും ചീത്ത പറയും. അത് വിനീതിനോടുള്ള ദേഷ്യം കാരണമല്ല, വിനീതിനോടുള്ള സ്നേഹം കാരണമാണ്. ചീത്തവിളിയൊക്കെ നമ്മളെത്ര കേട്ടിട്ടുണ്ട്? കൊൽക്കത്തയിലൊക്കെ പോയാൽ നന്നായി കളിച്ചില്ലെങ്കിൽ ആരാധകർക്ക് ദേഷ്യം വരും. അവർക്ക് സ്നേഹിക്കാനുമറിയാം, നന്നായി കളിച്ചില്ലെങ്കിൽ ചീത്ത വിളിക്കാനുമറിയാം. അതുകൊണ്ട് വിനീതിനോടുള്ള സ്നേഹം കാരണമാണ് ആരാധകർ ചീത്തവിളിക്കുന്നത്. 

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഇല്ലെങ്കിലും അവന് നല്ല അവസരം ലഭിക്കും. കളിക്കാനറിയാവുന്ന താരങ്ങൾക്ക് നല്ല ക്ലബ്ബുകളില്‍ നിന്ന് ഓഫർ വരും