തുടക്കക്കാരുടെ ചങ്കിടിപ്പില്ലാ; അതിജീവനത്തിന്റെ കഥകളുമായി റിയല്‍ കശ്മീർ

ഗോകുലത്തിനെ നേരിടാനെത്തുന്ന റിയല്‍ കശ്മീരിന് പറയാനുള്ളത് അതിജീവനത്തിന്റെ കഥകള്‍. അരക്ഷിതാവസ്ഥയില്‍ കഴിഞ്ഞ യുവതലമുറയുടെ സ്വപ്നങ്ങള്‍ക്ക്  നിറം പകര്‍ന്നത് ഈ ഫുട്ബോള്‍ ക്ലബാണ്.

തുടക്കക്കാരുടെ ചങ്കിടിപ്പില്ലാതെയാണ് റിയല്‍ കശ്മീര്‍ ഓരോ എതിരാളിയേയും നേരിടുന്നത്. മാധ്യമപ്രവര്‍ത്തകനായ ഷെമീം മെഹ്‌റാജാണ് അശാന്തിയുടെ താഴ്‌വരയില്‍ വിഭജിക്കപ്പെട്ടു കിടന്നിരുന്ന ഒരു ജനതയെ കാല്‍പന്ത് കളിയിലൂടെ വിളക്കിചേര്‍ത്തത്. 2015ൽ തന്റെ  സുഹൃത്തുക്കളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചാണു റിയൽ കശ്മീർ ക്ലബ് തുടങ്ങുന്നത്. 

പിറ്റേ വര്‍ഷം ഡ്യൂറന്റ് കപ്പില്‍ മല്‍സരിച്ചു. ഒറ്റ മല്‍സരത്തില്‍പ്പോലും ജയിച്ചില്ലെങ്കിലും ടീമിന്റെ തലവര തന്നെ മാറിമറിഞ്ഞു. അമേരിക്കന്‍ പരിശീലകനായ ഡേവിഡ് റോബേര്‍ട്ട്സണ്‍ കൂടി എത്തിയതോടെ ടീം അടിമുടി മാറി. 

ഐ ലീഗ് രണ്ടാംഡിവിഷനില്‍ ചാംപ്യന്‍മാരായാണ് കശ്മീര്‍ ഹീറോസിന്റെ ഐ ലീഗ് പ്രവേശനം. നിലവിലെ ചാംപ്യന്‍മാരായ മിനര്‍വയേയും ഐസ്‌വാളിനേയും ഇന്ത്യന്‍ ആരോസിനേയും ലജോങ്ങിനേയും തോല്‍പ്പിച്ച് ചര്‍ച്ചിലിനെതിരെ സമനില പിടിച്ചാണ് അവര്‍ വരവറിയിച്ചത്. വെടിയൊച്ചകള്‍ക്ക് പകരം ഗോളാരവങ്ങളിലേക്ക് ഒരു നാടിനെ കൈപിടിച്ചുയര്‍ത്തിയതിന്റെ ഞങ്ങളാണെന്ന് റിയല്‍ കശ്മീരിന് അഭിമാനപൂര്‍വം പറയാം.