'ധോണിയേക്കാൾ മികച്ച വിക്കറ്റ് കീപ്പർ ഇന്ത്യയ്ക്കുണ്ട്'; വിവാദമെറിഞ്ഞ് ഗാംഗുലി

മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് പുത്തൻ ഉണർവ് നൽകിയ ഇതിഹാസതാരം. ഇന്ത്യയ്ക്ക് ഏകദിന, ട്വൻടി 20 ലോകകപ്പുകളിൽ മുത്തമിടാൻ ഭാഗ്യം ഒരുക്കി കൊടുത്ത പ്രതിഭാധനനായ താരം. ബെസ്റ്റ് ഫിനിഷറെന്ന് ലോകം വാഴ്ത്തിയ ഇതിഹാസ താരം നാണക്കേടിന്റെ വക്കിലാണ്. മെല്ലെപ്പോക്ക് ശൈലി പലപ്പോഴും വിമർശനങ്ങൾക്ക് വഴി തെളിയിക്കുന്നു. ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കി ചരിത്ര മൽസരത്തിൽ കാണികളുടെ കൂവലും പരിഹാസവും ഏറ്റ് സ്റ്റേഡിയം വിട്ടത് ഇന്ത്യൻ ക്രിക്കറ്റിനു തന്നെ നാണക്കേട് ആകുകയും ചെയ്തു. അന്ന് ധോണിയുടെ രക്ഷയ്ക്ക് എത്തിയത് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയായിരുന്നു. ആരാധകരും താരങ്ങളും കൈവിട്ടപ്പോൾ ധോണിക്കു വേണ്ടി ശബ്ദമുയർത്തി ഗാംഗുലി രംഗത്തു വന്നു.ധോണിയെ പോലെ ഒരു കളിക്കാരനെ സമീപഭാവിയിൽ നമുക്ക് കണ്ടെടുക്കാൻ സാധിക്കുമോയെന്ന് പോലും സംശയമാണ്. ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് അയാൾ, ഗാംഗുലി അന്ന് പറഞ്ഞു. 

എന്നാൽ ധോണിയെക്കാൾ മികച്ച വിക്കറ്റ് കീപ്പർ ഇന്ത്യയ്ക്കുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇതിഹാസ താരം. ഗാംഗുലിയുടെ അഭിപ്രായത്തിൽ ഇന്ത്യ കണ്ട മികച്ച വിക്കറ്റ്കീപ്പർ ധോണിയല്ല അത് വൃദ്ധിമാൻ സാഹയാണ്. കഴിഞ്ഞ കുറേ നാളുകളായി സാഹ ടീമിനൊപ്പമില്ല. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിന് ഇടയിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയാണ്, ഗാംഗുലി പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ സാഹയേക്കാൾ മികച്ച പ്രകടനം നടത്തിയ ഒരു വിക്കറ്റ് കീപ്പറെ ഞാൻ കണ്ടിട്ടില്ല ,മികച്ച താരമാണ് അയാൾ പരിക്കിൽ നിന്ന് മുക്തനായി അയാൾ തിരിച്ചുവരട്ടെ ഗാംഗുലി ആശംസിച്ചു. കൊൽക്കത്തയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ബംഗാളിന്റെ താരം കൂടിയായ സാഹയെ ഗാംഗുലി ഇങ്ങനെ പ്രശംസിച്ചത്.

ഗാംഗുലിയുടെ അഭിപ്രായ പ്രകടനത്തിനെതിരെ വൻ രോഷമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. 2014 ൽ ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷമാണ് വൃദ്ധിമാൻ സാഹ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. പരുക്കിനെ തുടർന്ന് കുറെ നാളുകളായി ടീമിനു വെളിയിലാണ് സാഹയുടെ സ്ഥാനം. 

ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും സാഹ ഇടം പിടിച്ചില്ല.ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പനെ ഗാംഗുലി അപമാനിക്കുകയാണെന്നും ഗാംഗുലി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ധോണി ആരാധകർ രംഗത്ത് എത്തി കഴിഞ്ഞു. വിക്കറ്റ് കീപ്പറായി ധോണി ഇന്ത്യൻ ടീമിൽ തുടരുമ്പോൾ തന്നെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ യുവതാരം ഋഷഭ് പന്തിനെ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്തു രംഗത്തു വന്ന ഗാംഗുലി കാലു മാറിയതിലുളള രോഷം ധോണി ആരാധകർ മറച്ചു വെക്കുന്നില്ല. 

ധോണി ടീമിൽ തുടരുമ്പോൾ പന്തിനെക്കൂടി ഉൾപ്പെടുത്തിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് ഗാംഗുലി  അന്ന് പ്രതികരിച്ചിരുന്നു.‘എന്തു തരത്തിലുള്ള ഒരു ടീമിനെയാണ് അവർ ലക്ഷ്യമിടുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ലോകകപ്പിൽ ധോണി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പാണ്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര ഇക്കാര്യത്തിൽ ധോണിയെ സംബന്ധിച്ച് നിർണായകമാകും’ – ഗാംഗുലി  അന്ന് പറഞ്ഞു. 

ധോണിയുടെ മൊത്തത്തിലുള്ള പ്രകടനം മികച്ചതാണെന്നാണ് അന്ന് ഗാംഗുലി പറഞ്ഞത്.‘ലോകകപ്പിനു പോകും മുൻപ് കളിക്കാർ എത്തരത്തിലുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നതാണ് പ്രധാനം. റൺസ് കണ്ടെത്തുക എന്നതാണ് മുഖ്യം. അതുകൊണ്ടായിരിക്കാം പന്തിനും അവസരം നൽകിയത്’ – അന്ന് ഗാംഗുലി പറഞ്ഞു.