ജഡേജയുടെ ഒരു ലക്ഷത്തിന്റെ കാർഡ് തിരുവനന്തപുരത്തെ കുപ്പത്തൊട്ടിയിൽ; വിമർശനം

കാര്യവട്ടത്തു നടന്ന ഇന്ത്യ– വീൻഡീസ് ഏകദിനം കളിപ്രേമികൾ പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. കണ്ണടച്ചു തീർക്കും മുൻപേ ഇന്ത്യ വിജയചരിതമെഴുതിയ മത്സരത്തിൽ രവീന്ദ്ര ജഡേജയായിരുന്നു മാൻ ഓഫ് ദ മാച്ച്. ഒരു ലക്ഷം രൂപയുടെ കാർഡുമായി ജഡേജ നിൽക്കുന്ന ചിത്രം എല്ലാവരുടെ ഹൃദയം കുളിർപ്പിച്ചതുമാണ്.

പ്രകടനത്തിനു ശേഷം ലഭിച്ച ഒരു ലക്ഷം രൂപയുടെ സാക്ഷ്യപത്രത്തിന്റെ അവസ്ഥയെന്താണ് തിരഞ്ഞു ചെന്നപ്പോൾ ലഭിച്ചതോ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചില്‍ കൊള്ളുന്ന കാഴ്ചയും. താരങ്ങൾ തിരുവന്തപുരത്ത് നിന്ന് മടങ്ങിയതിനു ശേഷമാണ് ഏറെ ദയനീയമായ ചിത്രം പുറത്തു വന്നതും. ജഡേജയ്ക്ക് സമ്മാനിച്ച പ്രകൃതിക്ക് ദഹിക്കാത്ത ആ കാർഡ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ക്ലീനിങ് ജീവനക്കാരനായ ജയന്‍ എന്ന വ്യക്തിയുടെ കയ്യിലിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രകൃതി എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഈ ദയനീയ ചിത്രവും വാർത്തയും പ്രത്യക്ഷപ്പെട്ടത്. സമ്മാനദാന ചടങ്ങിൽ പുരസ്കാരങ്ങളും ക്യാഷ് അവാർഡും മറ്റുളളവർക്ക് ബാധ്യതയായി മാറുകയാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. 

എന്തുക്കൊണ്ട് ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയില്‍ പുരസ്‌കാര വിതരണം നടത്തിക്കൂടാ..? ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബിസിസിഐക്ക് ഒരു ജനതയെ മുഴുവൻ ;പ്രചോദിപ്പിക്കാന്‍ സാധിക്കുമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.