ഡെംബ ബയെ കറുത്തവനെന്ന് അപഹസിച്ചു, ഏറ്റുമുട്ടല്‍; എന്നുതീരും ഇത്..?

രാഷ്ട്രീയവും ഫുട്ബോളും എന്നും ഇഴചേര്‍ന്നു നില്‍ക്കുന്നവയാണ്. ആകാശത്തിന് പോലും അതിരുകള്‍ കല്‍പ്പിക്കപ്പെട്ടെങ്കിലും കാല്‍പന്ത് കളിയുടെ മാസ്മരികത അതിനെ നിഷ്പ്രഭമാക്കുന്നതിന് ലോകം പലപ്പോഴും ദൃക്സാക്ഷിയായി. എന്നാല്‍ വംശീയതയുടെ കരാളഹസ്തങ്ങള്‍ ലോകത്തെ മുറുക്കുമ്പോള്‍ ഫുട്ബോളും മോചിതമാകുന്നില്ല. അവിടെ സ്ഥിരം കാഴ്ചകളിലൊന്നാണ് ഇതെന്നും. അഭയാര്‍ഥികള്‍ക്കെതിരെ കടുത്ത നടപടികളുമായി യൂറോപ്പിലേയും അമേരിക്കയിലേയും രാഷ്ട്രത്തലവന്‍മാര്‍ കരുത്ത് കാട്ടുമ്പോഴും അന്നാട്ടിലെ സാധാരണക്കാരുടെ കാഴ്ചപ്പാടില്‍ മാറ്റം കൊണ്ടുവരാന്‍ പന്ത് കളിക്കാകുമെന്നായിരുന്നു വിശ്വാസം.

ഗ്രീസ്മാനും പോഗ്ബയും എംബപ്പെയുമടക്കം പലനാട്ടില്‍ വേരുകളുള്ളവര്‍  ഫ്രാന്‍സിന്റെ ദേശീയഗാനത്തെ നെഞ്ചോട് ചേര്‍ത്തൊരുമിച്ച് പന്ത് തട്ടി വിശ്വകിരീടത്തെ മറോടണച്ച നിമിഷം അതിന്റെ തുടക്കമാകുമെന്ന് ലോകം കരുതി. പക്ഷേ തെറ്റി. ഹൃദയഭാരത്തോടെ യഥാര്‍ഥ കളിപ്രേമികള്‍ ഇപ്പോഴും പറയും, ഇന്നും ഫുട്ബോള്‍ ലോകം വംശീയതയുടെ കറയില്‍ നിന്ന് മോചിതമായിട്ടില്ല.  

ഇതുവരെ എതിര്‍ കളിക്കാരെ മാനസികമായി തളര്‍ത്തുന്ന ആരാധകരെ മാത്രമായിരുന്നു കണ്ടത്. നിറം കറുപ്പായതിന്റെ പേരില്‍ പോഗ്ബയും ബലോടെല്ലിയുമടക്കം പലരും ക്രൂശിക്കപ്പെട്ടു. കളത്തില്‍ അവര്‍ വിരിയിക്കുന്ന മാന്ത്രികത കാണാതെ കുരങ്ങെന്ന് വിളിച്ച് അവരെ അപമാനിച്ചു. ക്ലബില്‍ കളിക്കുന്നതിനിടെ എതിര്‍ താരങ്ങളുടെ മങ്കി ചാന്റ്സില്‍ നിന്നും റിയാന്‍ ബ്രൂവ്സ്റ്ററെ പോലുള്ള കൗമാരക്കാരും രക്ഷപ്പെട്ടില്ല. 

പക്ഷേ സ്വന്തം നാട്ടില്‍ സ്വന്തം ജനതയാല്‍ അപമാനിക്കപ്പെട്ട ഒരുവന്റെ കഥയും ലോകം കേട്ടു. കാനറികളുടെ നാട്ടില്‍ ചെന്ന് ലാറ്റിനമേരിക്കക്കാരുടെ ഹൃദയം തകര്‍ത്ത് കനകക്കിരീടത്തെ ബെര്‍ലിനിലേക്കെത്തിച്ചപ്പോള്‍ ഓസില്‍ അവര്‍ക്ക് സൂപ്പര്‍ ഹീറോയായിരുന്നു. ഒരു ജര്‍മന്‍കാരനായിരുന്നു.  റഷ്യന്‍ ലോകകപ്പില്‍ ടീം ആദ്യറൗണ്ടില്‍ പുറത്തായതോടെയാണ് ഓസിലിന്റേയും ശനിദശ തുടങ്ങിയത്. ടീം പുറത്തായതിലായിരുന്നില്ല, തുര്‍ക്കി വംശജനായ, മുസ്‌‌ലിമായ ഓസില്‍ ടര്‍ക്കിഷ് പ്രസിഡന്റിനൊപ്പം നിന്ന് ഫൊട്ടോയെടുത്തതാണ് ചൊടിപ്പിച്ചത്.  ലോകകപ്പ് നേടിക്കൊടുത്തെങ്കിലും ഇരട്ടപൗരത്വത്തിന്റെ പേരില്‍ ജര്‍മന്‍ കുപ്പായമണിയാന്‍ അനര്‍ഹനെന്ന് സ്വന്തം ജനത പറഞ്ഞപ്പോള്‍ ഹൃദയവേദനയോടെ അയാള്‍ക്ക് കളമൊഴിയേണ്ടിവന്നു. 

ലോകകപ്പിനിടെ തന്നെയാണ് താന്‍ അനുഭവിക്കുന്ന വംശീയ വിവേചനത്തിന്റെ കഥ റൊമേലു ലുക്കാക്കുവും തുറന്നു പറഞ്ഞത്. ഞാന്‍ നന്നായിക്കളിച്ചാല്‍ എന്റെ നാട്ടുകാര്‍ക്ക് ബെല്‍ജിയം താരം ലുക്കാക്കുവാണ്, അല്ലാത്തപ്പോള്‍ കോംഗോ വംശജന്‍ ലുക്കാക്കുവും. അഭയം തന്ന നാടിനെ ഹൃദയം നിറഞ്ഞു സ്നേഹിച്ചിട്ടും അയാള്‍ നേരിടുന്ന വിവേചനം എത്രത്തോളമയാളെ തളര്‍ത്തിയെന്നതിന് ഈ വാക്കുകള്‍ തന്നെ സാക്ഷ്യം.

ചൈനീസ് ലീഗില്‍ കളിക്കുന്നതിനിടെ ഡെംബ ബയെ കറുത്തവനെന്ന് വിളിച്ച് അധിക്ഷേപിച്ചതാണ് ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ അപ്ഡേറ്റ്. അതിന്റെ പേരില്‍ മൈതാനത്ത് ഇരുവരും ഏറ്റുമുട്ടുന്നതിന്  ലോകം സാക്ഷിയാകുകയും ചെയ്തു.

മുന്‍പെങ്ങുമില്ലാത്തവിധം ഇന്ന് പല രാഷ്ട്രത്തലവന്‍മാരും കുടിയേറ്റക്കാര്‍ക്കെതിരെ അസഹിഷ്ണുത വച്ചുപുലര്‍ത്തുമ്പോള്‍ ഒരു മാറ്റം കൊണ്ടുവരാന്‍ കാല്‍പന്ത് കളിക്ക് സാധിക്കും. കളത്തിനകത്തെ ഇത്തരം വംശീയ വിദ്വേഷങ്ങള്‍ക്കെതിരെ ഫിഫയടക്കമുള്ള സംഘടനകള്‍ ശക്തമായി രംഗത്തു വരണമെന്നതാണ് ആവശ്യം. കളത്തിനകത്ത് ഇതിന് കൂച്ചുവിലങ്ങിടാന്‍ കഴിഞ്ഞാല്‍ കളത്തിന് പുറത്ത് പതിയെ ഇല്ലാതാക്കാനാകുമെന്ന് ഉറപ്പാണ്. ഫ്രാന്‍സിന്റെ ജയത്തോടെ അഭയം നല്‍കിയ രാഷ്ട്രത്തെ ദ്രോഹിക്കുന്നവരെന്ന കാഴ്ചപ്പാടിന് മാറ്റം വരുമെന്ന് പ്രതീക്ഷിച്ച ജനതയെ നിരാശയിലാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.